അന്തേവാസിയായ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ ആശ്രമാധിപന് 20 വര്‍ഷം കഠിനതടവ്
ഇരിങ്ങാലക്കുട: അന്തേവാസിയായ പതിമൂന്നുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ആശ്രമാധിപന് എഴ് വര്‍ഷം കഠിനതടവും പതിമൂന്ന് വര്‍ഷം വെറും തടവും തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് സി. ആര്. രവിചന്ദര്‍ വിധി പ്രസ്താവിച്ചു.
2018 മെയ് മാസം മുതല്‍ ജൂണ്‍ എഴ് വരെയുള്ള കാലയളവിനുള്ളില്‍ അന്തേവാസിയായ ബാലനെ ആശ്രമത്തിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് ആളൂര്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രതിയായ കൊറ്റനെല്ലൂര്‍ ബ്രഹ്മാനന്ദാലയം ആശ്രമത്തിലെ സ്വാമി നാരായണധര്മ്മവൃതന് എന്ന താമരാക്ഷനെയാണ് (55 ) കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 13 സാക്ഷികളെയും 17 രേഖകളും പ്രതി ഭാഗത്തുനിന്ന് 6 രേഖകളും ഹാജരാക്കിയിരുന്നു. ആളൂര്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന വി വി വിമല്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ രാജീവ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി. ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി 7 വര്‍ഷം കഠിനതടവിനും കൂടാതെ 10 വര്‍ഷം വെറും തടവിനും കൂടാതെ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം 3 വര്‍ഷം വെറും തടവിനും തൊണ്ണൂറായിരം രൂപ പിഴ അടയ്ക്കാനും പിഴയൊടുക്കാതിരുന്നാല്‍ 10 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് പീഢിപ്പിക്കപ്പെട്ട കുട്ടിയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.