സ്വകാര്യ ബസുകളില്‍ കാരുണ്യത്തിന്റെ നിലക്കാത്ത മണിമുഴക്കം: നന്മയുടെ പ്രകാശം പരത്തി ഇരിങ്ങാലക്കുട-തൃപ്രയാര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍; കളക്ഷന്‍ മുഴുവന്‍ വൈഷ്ണവിയുടെ ചികിത്സക്ക്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട-തൃപ്രയാര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയത് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുവാന്‍ വേണ്ടി മാത്രമായിരുന്നില്ല. കരള്‍വൃക്ക മാറ്റി വെക്കല്‍ ശാസ്ത്രക്രിയക്കായി ധനസഹായം തേടുന്ന എടത്തിരുത്തി പൊനത്തില്‍ പരേതനായ ബാലകൃഷ്ണന്റെ മകന് സലീഷിന്റെ ഭാര്യയും പരേതനായ കൊറോംപറമ്പില് ഘോഷിന്റെ മകളുമായ വൈഷ്ണവിക്ക് (34) തങ്ങളാല്‍ കഴിയും വിധമുള്ള സാമ്പത്തിക സഹായം നല്കാന് വേണ്ടിയായിരുന്നു. കൈത്താങ്ങാവാന്‍ കാരുണ്യത്തോടെ അവര്‍ ഒരു ദിവസം കൊണ്ട് സമാഹരിച്ചത് ഒന്നേകാല്‍ ലക്ഷം രൂപയാണ്. സര്‍വീസുകളില്‍ നിറഞ്ഞത് നന്മയുടെ പ്രകാശവും മനുഷ്യ സ്നേഹത്തിന്റെ കരുതലുമായിരുന്നു.
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ സ്വകാര്യ ബസില്‍ കയറി ഈ സംരംഭത്തില്‍ പങ്കാളിയായി തുടക്കം കുറിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലാണ് വൈഷ്ണവിയിപ്പോള്. വൈഷ്ണവിയുടെ ജീവന് നിലനിര്‍ത്തുന്നതിന് വൃക്കയും കരളും എത്രയുംവേഗം മാറ്റിവയ്ക്കണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം. രണ്ടു ശസ്ത്രക്രിയകള്‍ക്കും കൂടി ഏകദേശം 35 ലക്ഷം രൂപയാണ് ചെലവു വരിക. നിര്‍ധന കുടുംബാംഗമായ വൈഷ്ണവിക്കും ഭര്‍ത്താവിനും ഈ തുക താങ്ങാവുന്നതിനപ്പുറമാണ്. ഭര്‍ത്താവിനും ആറുവയസുകാരിയായ മകള്‍ക്കും വയോധികയായ അമ്മയ്ക്കും ഭര്‍തൃമാതാവിനും ഒപ്പമാണ് വൈഷ്ണവി കഴിയുന്നത്. ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് നടത്തിയാണ് വൈഷ്ണവിയുടെ ജീവന് ഇപ്പോള്‍ നിലനിര്‍ത്തുന്നത്. ഭാര്യയുടെ ചികിത്സാകാര്യങ്ങള്‍ക്കായി ജോലി ഉപേക്ഷിച്ചാണ് സലീഷ് കൂടെ നില്‍ക്കുന്നത്. വൈഷ്ണവിയുടെ ശസ്ത്രക്രിയകള്‍ നടത്തുന്നതിനായി വൈഷ്ണവി ചികിത്സാ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ ബസ്റ്റാന്റ് പരിസരത്തു വച്ചു നടന്ന ചടങ്ങില്‍ കൂടല്‍മാണിക്യം ദേവസ്വം മുന്‍ ചെയര്മാന് യു.പ്രദീപ് മേനോന് വൈഷ്ണവിയുടെ ഭര്‍ത്താവ് സലീഷിന് തുക കൈമാറി. ബസുടമകളായ കെ നന്ദകുമാര്‍, മംഗലത്ത് ശിവന്, മുരളി കുഞ്ഞിലിക്കാട്ടില്‍, ശ്യാം ബി മേനോന്, എടത്തിയിരുത്ത് പഞ്ചായത്തംഗം സതീഷ് തസത്യന് എന്നിവര്‍ സന്നിഹിതരായിരുന്നു.