പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം; പ്രതിക്ക് 20 വര്‍ഷം കഠിനതടവ്
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഊളക്കല്‍ അബ്ദുല്‍ റഹീമി (46) നെ 20 വര്‍ഷം കഠിനതടവും രണ്ടുവര്‍ഷം വെറും തടവും ഒരു ലക്ഷത്തിപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് സി.ആര്. രവിചന്ദര്‍ വിധി പ്രസ്താവിച്ചു. 2018 ഫെബ്രുവരി 15നാണ് അതിജീവിതയെ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കൊടുങ്ങല്ലൂര്‍ പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 19 സാക്ഷികളെയും 29 രേഖകളും ഏഴു തൊണ്ടി വസ്തുക്കളും ഹാജരാക്കിയിരുന്നു. കൊടുങ്ങല്ലൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി.കെ. പത്മരാജന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന എന്‍.എസ്. സലീഷ്, ടി.എസ്. സിനോജ്, പി.സി. ബിജുകുമാര്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പോക്സോ നിയമപ്രകാരം 20 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും പിഴയൊടുക്കാതിരുന്നാല്‍ ആറുമാസം വെറും തടവിനും കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം രണ്ടുവര്‍ഷം വെറും തടവിനും പതിനായിരം രൂപ പിഴ അടക്കാനും പിഴയൊടുക്കാതിരുന്നാല്‍ ഒരുമാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴസംഖ്യ ഈടാക്കിയാല്‍ ആയത് പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് നഷ്ടപരിഹാരമായി നല്കുവാനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.