മന്ത്രി ആര്. ബിന്ദുവിന്റെ ഓഫീസിനു മുന്നില്‍ സ്കൂള്‍ പാചക തൊഴിലാളികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
ഇരിങ്ങാലക്കുട: സ്കൂള്‍ പാചക തൊഴിലാളികളെ വേജസ് ആക്ടില്‍ നിന്നും മാറ്റി വേതനത്തിന് പകരം ഓണറേറിയം മാത്രം നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സ്കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്എംഎസ്) പ്രതിഷേധ ധര്‍ണ്ണ നടത്തി. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് നടപ്പിലാക്കിയാല്‍ തൊഴിലാളികള്‍ എന്ന നിര്‍വചനത്തില്‍ നിന്നും സ്കൂള്‍ പാചക തൊഴിലാളികള്‍ പുറത്താകും. ഇരിങ്ങാലക്കുടയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദുവിന്റെ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ എച്ച്എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്തു.
അമിത തൊഴില്‍ഭാരവും സമ്മര്‍ദ്ദവും നേരിടുന്ന സ്കൂള്‍ പാചക തൊഴിലാളികളെ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം കണ്ടിജന്‍സി ജീവനക്കാരായി അംഗീകരിച്ച് മിനിമം വേതനമെങ്കിലും നല്കാന് നടപടി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനാ ജനറല്‍ സെക്രട്ടറി ജി. ഷാനവാസ് അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവര്ത്തകന് തേറമ്പില്‍ ശ്രീധരന്, എച്ച്എംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. ജോഷി, പി.എം. ഷംസുദ്ദീന്, റോസി റപ്പായി, താഹിറ അബ്ദുല്‍ കരീം, സലീല ഗോപി, രാജലക്ഷ്മി, സുഭദ്ര, അനില വള്ളിക്കാട്ട് എന്നിവര്‍ സംസാരിച്ചു.
മദ്യംവിളമ്പുന്നവര്ക്ക് ഒരു ലക്ഷം രൂപ വരെ ഓണത്തിന് ബോണസായി ലഭിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പുന്ന തൊഴിലാളികള്‍ക്ക് ലഭിച്ചത് 1300 രൂപ മാത്രമാണ്. സ്കൂള്‍ പാചക തൊഴിലാളികളുടെ ശമ്പള കുടിശികയും ആനുകൂല്യങ്ങളും ഉടനടി വിതരണം ചെയ്യുക, കുറഞ്ഞ കൂലി 900 രൂപയായി വര്‍ദ്ധിപ്പിക്കുക 250 വിദ്യാര്‍ഥികള്‍ക്ക് ഒരു തൊഴിലാളി എന്ന തീരുമാനം നടപ്പിലാക്കുക, ചികിത്സ സൗകര്യം അനുവദിക്കുക, പാലക്കാട് ജോലിക്കിടയില്‍ തീപ്പൊള്ളലേറ്റു മരിച്ച സ്കൂള്‍ പാചക തൊഴിലാളി രുഗ്മിണിയമ്മയുടെ കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചു കൊണ്ടാണ് തൊഴിലാളികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.