നിക്ഷേപതുക തിരികെ ലഭിക്കാന്‍ വീണ്ടും ഒറ്റയാള്‍ സമരവുമായി ജോഷി; കരുവന്നൂര്‍ ബാങ്കിനുള്ളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപ തുക തിരികെ ലഭിക്കുന്നതിനായി മാപ്രാണം വടക്കേത്തല വീട്ടില്‍ ജോഷി ഒറ്റയാള്‍ സമരവുമായി ബാങ്കിനുള്ളില്‍ കുത്തിയിരിക്കുന്നു.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപ തുക തിരികെ ലഭിക്കാന്‍ ബാങ്കുനുള്ളില് കുത്തിയിരുന്നു പ്രതിഷേധം. മാപ്രാണം വടക്കേത്തല വീട്ടില്‍ ജോഷിയാണ് (55) ഇന്നലെ വൈകീട്ട് നാല് മണിയോടെ തന്റെ ബന്ധുക്കളുടെ പേരിലുള്ള സ്ഥിര നിക്ഷേപത്തുക മടക്കിതരണമെന്ന് ആവശ്യപ്പെട്ട് കരുവന്നൂര്‍ ബാങ്കിന്റെ മാപ്രാണം ബ്രാഞ്ച് ഓഫീസിലെത്തിയത്. നിക്ഷപതുക തിരികെ നല്‍കാമെന്നു കഴിഞ്ഞ പത്ത് ദിവസമായി പറയുന്നുണ്ടെങ്കിലും പണം ലഭിച്ചിരുന്നില്ലെന്നും ഇതേ തുടര്‍ന്നാണ് പ്രതിഷേധവുമായി ബാങ്കിലെത്തിയതെയന്നു ജോഷി പറഞ്ഞു.
ബാങ്കിന്റെ ഓഫീസ് സമയം അവസനാക്കുകയാണെന്നും ഒഴിഞ്ഞു പോകണമെന്നു ആവശ്യപ്പെട്ടെങ്കിലും ജോഷി തയ്യാറായില്ല. സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാരായ ആല്‍ബി തോമസ് വര്‍ക്കി, ക്ലീറ്റസ് എന്നിവരുടെ നേതൃത്വത്തില്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി. ഭാര്യയുടെ പേരിലുള്ള നിക്ഷപതുകയില്നിന്നും അഞ്ച് ലക്ഷം രൂപ വ്യാഴാഴ്ച നല്‍കാമെന്നും ഭാര്യാമാതാവിന്റെ പേരിലുള്ള തുക ഘട്ടംഘട്ടമായി തിരിച്ചു നല്‍കാമെന്നു ബാങ്ക് അധികൃതര്‍ ഉറപ്പു നല്കി. ഇതേ തുടര്‍ന്ന് രാത്രി ഏഴരയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.