നവാഗത സംവിധായകനുള്ള പ്രഥമ സി.ആര്. കേശവന്‍വൈദ്യര്‍ മെമ്മോറിയല്‍ അവാര്‍ഡ് വിക്ടോറിയയുടെ സംവിധായിക ശിവരഞ്ജിനിക്ക്

ജെ. ശിവരഞ്ജിനി.
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എര്‍പ്പെടുത്തിയ നവാഗത സംവിധായകനുള്ള സി.ആര്. കേശവന്‍വൈദ്യര്‍ മെമ്മോറിയല്‍ അവാര്‍ഡ് വിക്ടോറിയ എന്ന ചിത്രത്തിന്റെ സംവിധായിക ജെ. ശിവരഞ്ജിനിക്ക്. 25000 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം. റിട്ട ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഐഎഎസ്, ഡോ. സി.ജി. രാജേന്ദ്രബാബു, സി.എസ്. വെങ്കിടേശ്വരന് എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
കേരളീയ സ്ത്രീ ജീവിതങ്ങള്‍, ഭാവനകള്‍, കാമനകള്‍ എന്നിവയിലൂടെയുള്ള ഒരു സൂക്ഷ്മ സഞ്ചാരമാണ് ശിവരഞ്ജിനിയുടെ ആദ്യ ചിത്രമായ വിക്ടോറിയയെന്നും സ്ത്രീ കഥാപാത്രങ്ങളെ ഇരയോ ഉപഭോഗ വസ്തുവോ ആയി മാത്രം അവതരിപ്പിച്ചു പോരുന്ന സിനിമാ വഴക്കങ്ങളെ ചിത്രം ഭേദിക്കുകയാണെന്നും ജൂറി വിലയിരുത്തി. മാര്‍ച്ച് 16 ന് ഇരിങ്ങാലക്കുട മാസ് മൂവീസില്‍ നടക്കുന്ന ആറാമത് ഇരിങ്ങാലക്കുട ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ എസ്വി പ്രൊഡക്സ് ചെയര്മാന് ഡോ. സി.കെ. രവി അവാര്‍ഡ് ദാനം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന സമാപന സമ്മേളനം മാധ്യമ പ്രവര്ത്തകന് ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ അഖിലകേരള ലേഖനമല്സരത്തിലെ വിജയികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ്ജ് ഡി. ദാസ് അവാര്‍ഡുകള്‍ സമ്മാനിക്കും.