വെള്ളാങ്കല്ലൂര്‍ അറവുശാല നവീകരണത്തിനു 40 ലക്ഷം
വെള്ളാങ്കല്ലൂര്‍: ആധുനിക അറവുശാലയുടെ നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചു. 20 വര്‍ഷം മുമ്പ് നിര്‍മിച്ച അറവുശാല നശിച്ചുകൊണ്ടിരിക്കുന്നതിനിടെയാണു ജില്ലാ പഞ്ചായത്ത് തുക അനുവദിക്കുന്നത്. 1995-2000 വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് നല്കിയ സ്ഥലത്താണു അറവുശാല നിര്‍മിച്ചത്. കശാപ്പ് യന്ത്രങ്ങള്‍, മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങള്‍ തുടങ്ങിയവയും ഇതോടനുബന്ധിച്ചു ഒരുക്കി. ദിനംപ്രതി 25 മാടുകളെ ഇവിടെ കശാപ്പ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഭാവിയില്‍ മാംസം ശീതീകരിച്ച് പാക്ക് ചെയ്തു കൊണ്ടു പോകാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയുന്ന രീതിയിലാണു അറവുശാല വിഭാവനം ചെയ്തത്. എന്നാല്‍ അറവുശാലയിലേക്കു കൃത്യമായ വഴിയില്ലാത്തതിനാല്‍ പ്രവര്‍ത്തിക്കാനായില്ല. വഴി പ്രശ്നം പിന്നീട് പരിഹരിച്ചെങ്കിലും അറവുശാല അടഞ്ഞു തന്നെ കിടക്കുകയാണ്. പരിസരം കാടുകയറിയും യന്ത്രങ്ങള്‍ തുരുമ്പെടുത്ത നിലയിലുമാണു ഇപ്പോള്‍.