ഇരിങ്ങാലക്കുടയില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയുടെ (പോക്സോ) പ്രവര്‍ത്തനം ഈ മാസം അഞ്ചു മുതല്‍
ഇരിങ്ങാലക്കുട: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ പട്ടണത്തില്‍ സ്ഥാപിക്കുന്ന പോക്സോ കോടതിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ പോക്സോ കേസുകളും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കേസുകളുമാണു ജനുവരി അഞ്ചു മുതല്‍ പ്രവര്‍ത്തനക്ഷമമാകുന്ന അതിവേഗ വിചാരണ പോക്സോ കോടതിയില്‍ വിചാരണ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇതോടെ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന കോടതികളുടെ എണ്ണം എട്ടായി മാറും. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍, സംരക്ഷണം ലക്ഷ്യമിട്ടുള്ള 2012 ലെ നിയമപ്രകാരം അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ലയില്‍ ഇപ്പോള്‍ സ്ഥാപിക്കുന്ന മൂന്നു കോടതികളില്‍ ഒന്നാണു ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. നിലവില്‍ ജില്ലാ ആസ്ഥാനത്തുള്ള പോക്സോ കോടതിയുടെ പരിഗണനയിലുള്ള അഞ്ഞൂറോളം കേസുകളില്‍ നൂറിലധികം കേസുകള്‍ ഇരിങ്ങാലക്കുടയില്‍ ജനുവരി അഞ്ചിനു പ്രവര്‍ത്തനക്ഷമമാകുന്ന പോക്സോ കോടതിയിലെ പരിഗണനയില്‍ വരും. ജഡ്ജിയെ കൂടാതെ കോടതിയുടെ പ്രവര്‍ത്തനത്തിനു ആവശ്യമായ ഏഴു സ്റ്റാഫുകളുടെ വിന്ന്യാസവും പൂര്‍ത്തിയായി കഴിഞ്ഞു. ഗവണ്മെന്റ് കെട്ടിടം ഇല്ലാത്തതിനാല്‍ മാസ് മൂവിസിനടത്തുള്ള സ്വകാര്യ കെട്ടിടത്തിലെ ഒന്നാം നിലയിലാണു പോക്സോ കോടതി പ്രവര്‍ത്തനം ആരംഭിക്കുന്നത്. സിവില്‍ സ്റ്റേഷനില്‍ ഇരുപത്തിയേഴര കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ജുഡീഷല്‍ കോംപ്ലക്സ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ പോക്സോ അടക്കമുള്ള ഇരിങ്ങാലക്കുടയിലെ എട്ടു കോടതികളുടെ പ്രവര്‍ത്തനവും ഇങ്ങോട്ടു മാറ്റും. ജില്ലാ ആസ്ഥാനമായ തൃശൂര്‍ കഴിഞ്ഞാല്‍ കൂടുതല്‍ കോടതികളുള്ള കേന്ദ്രമായി ഇരിങ്ങാലക്കുടയും ഇതോടെ മാറുകയാണ്. ഇരകള്‍ക്കും കുറ്റാരോപിതര്‍ക്കും നീതി കാര്യക്ഷമമായും സമയത്തിനതീതമായും ഉറപ്പുവരുത്താനുള്ള അവസരമാണ് പുതിയ പോക്സോ കോടതി സ്ഥാപിക്കുന്നതിലൂടെ തുറന്നു കിട്ടുന്നത്.