വധശ്രമം-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശിക്ഷ ശരിവെച്ചു
ഇരിങ്ങാലക്കുട: വധശ്രമ കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശിക്ഷ ശരിവെച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ചളിങ്ങാട് ദേശത്ത് പുഴങ്കരയില്ലത്ത് വീട്ടില്‍ സാദത്ത്, പള്ളിപറമ്പില്‍ വീട്ടില്‍ റാസിക്ക്, പള്ളിപറമ്പില്‍ വീട്ടില്‍ അബ്ദുല്‍ റഹീം, തൈവളപ്പില്‍ മുഹമ്മദ് സലീം, പുഴങ്കരയില്ലത്ത് ഷെഫീഖ്, പുഴങ്കരയില്ലത്ത് അബ്ദുള്‍ ഖാദര്‍ എന്ന ഇല്ലു എന്നിവരെ വിവിധ വകുപ്പുകളായി മൂന്നു വര്‍ഷം വീതം കഠിന തടവിനും പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതികള്‍ ബോധിപ്പിച്ച അപ്പീല്‍ ഇരിങ്ങാലക്കുട ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് തള്ളിക്കളഞ്ഞു കൊണ്ട് ശിക്ഷ ശരിവെച്ചു വിധിയായി. 1991 മെയ് 22 നു രാവിലെ 10.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജീവ് ഗാന്ധി വധത്തിനു ശേഷം നടന്ന വിവിധ അക്രമങ്ങളുടെ ഭാഗമായി ചളിങ്ങാട് പ്രദേശത്ത് വെച്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് പ്രതികള്‍ ആക്രമിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചളിങ്ങാട് പടിഞ്ഞാറെ വീട്ടില്‍ അബ്ദുള്‍ റസാഖ് മകന് ഹമീദിനെ പ്രതികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് പ്രതികള്‍ക്കെതിരായ പരാതി. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോകുകയും പിന്നീട് പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. ഒളിവിലായിരുന്ന പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പരാതിക്കാര്‍ അറിയാതെ കേസ് പിന്‍വലിച്ചെങ്കിലും പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ് പുനരാരംഭിച്ചത്. പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പരാതിക്കാര്‍ അറിയാതെ കേസ് പിന്‍വലിച്ചത് വലിയ വിവാദത്തിനു ഇടയാക്കിയിരുന്നു. പിന്നീട് ഇരിങ്ങാലക്കുട അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ വിചാരണ നടത്തിയതിനു ശേഷം പ്രതികളെ വിവിധ വകുപ്പുകളിലായി മൂന്നു വര്‍ഷം വീതം കഠിന തടവിനും 20,000 രൂപ വീതം പിഴ അടയ്ക്കാനും ശിക്ഷിക്കുകയായിരുന്നു. ശിക്ഷാവിധിക്കെതിരായി പ്രതികള്‍ ബോധിപ്പിച്ച അപ്പീല്‍ വാദം കേട്ടതിനു ശേഷം അപ്പീല്‍ തള്ളിക്കളഞ്ഞ് പ്രതികള്‍ക്കെതിരായ ശിക്ഷാവിധി അംഗീകരിച്ചാണു ജില്ലാ സെഷന്‍സ് കോടതി ഉത്തരവായത്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിന് ഗോപുരന്‍, വി.എസ്. ദിനല്‍, അര്ജുന് രവി എന്നിവര്‍ ഹാജരായി.