സംസ്ഥാന ബജറ്റ്; ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 353 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് അംഗീകാരം
ഇരിങ്ങാലക്കുട: 2021-22 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ നിയോജകമണ്ഡലത്തിന്റെ വികസനത്തിനായി 353 കോടി രൂപയുടെ പ്രവര്‍ത്തികള്‍ അംഗീകരിച്ചതായി പ്രഫ. കെ.യു. അരുണന് എംഎല്‍എ അറിയിച്ചു. ഠാണാ-ചന്തക്കുന്ന് റോഡ് വികസനത്തിന്റെ രണ്ടാം ഘട്ടത്തിനായി 25 കോടി രൂപ, കല്ലേറ്റുംകര എന്‍ഐപിഎംആറില്‍ ഒക്യുപേഷണല്‍ തെറാപ്പി കോളജ് കെട്ടിടത്തിനായി 10 കോടി, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എംആര്‍ഐ സിടി സ്കാന്‍ ഉള്‍പ്പെടെയുള്ള സ്കാനിംഗ് യൂണിറ്റിനു 15 കോടി, കെട്ടുചിറ സ്ലൂയിസ് കം ബ്രിഡ്ജ് നിര്‍മാണത്തിനായി 15 കോടി, കാറളം പഞ്ചായത്തിലെ ആലുക്കകടവ് പാലം നിര്‍മാണത്തിനായി 15 കോടി, ഇരിങ്ങാലക്കുട നാടക കളരി തിയേറ്റര്‍ സമുച്ചയ നിര്‍മാണത്തിനായി എട്ടു കോടി, ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന് ഫഌറ്റ് ടൈപ്പ് ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനായി 2.5 കോടി, കിഴുത്താനി ജംഗ്ഷന് സൗന്ദര്യവല്‍ക്കരണവും മനപ്പടി വരെ കാന നിര്‍മാണത്തിനായി ഒരു കോടി, ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിട നിര്‍മാണത്തിനായി അഞ്ചു കോടി, ഇരിങ്ങാലക്കുട മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിനായി 10 കോടി, ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോര്‍ട്ട് കോംപ്ലക്സ് കെട്ടിടം രണ്ടാം ഘട്ട നിര്‍മാണത്തിനായി 42.60 കോടി, കാറളം പഞ്ചായത്തിലെ നന്തി ടൂറിസം പ്രൊജക്ടിനായി അഞ്ചു കോടി, എഴുന്നള്ളത്ത് പാത റോഡിനു അഞ്ചു കോടി, മുരിയാട്-വേളൂക്കര കുടിവെള്ള പദ്ധതിയ്ക്ക് 85 കോടി, പൊറത്തിശേരി-ചെമ്മണ്ട-കാറളം റോഡിനു നാലു കോടി, പുളിക്കലചിറ പാലം നിര്‍മാണത്തിനായി ഒരു കോടി, കുട്ടംകുളം സംരക്ഷണത്തിനായി 10 കോടി, കല്ലേറ്റുംകര ടൗണ്‍ വികസനത്തിനായി 3.5 കോടി, കുട്ടംകുളം സമര സ്മാരക നിര്‍മാണത്തിനായി രണ്ടു കോടി, കാറളം ഹോമിയോ ആശുപത്രിയ്ക്കായി 50 ലക്ഷം, ആളൂര്‍ പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയ്ക്കായി 50 കോടി, ആനന്ദപുരം കുടുംബാരോഗ്യ കേന്ദ്രത്തിനായി ഒരു കോടി, തളിയക്കോണം സ്റ്റേഡിയത്തിനായി ഒരു കോടി, കണ്ണിക്കര വെങ്കുളം ചിറ കനാല്‍ സംരക്ഷണത്തിനായി ഒരു കോടി, കെട്ടുചിറ ബ്രാഞ്ച് കനാലില്‍ 720 മീറ്റര്‍ വരെ ബിഎംബിസി നിലവാരത്തില്‍ പുനരുദ്ധാരണത്തിനായി 1.50 കോടി, പൂമംഗലം-പടിയൂര്‍ കോള്‍ വികസന പദ്ധതിയ്ക്കായി മൂന്നു കോടി, കെഎല്‍ഡിസി കനാല്‍-ഷണ്മുഖം കനാല്‍ സംയോജനത്തിനായി 20 കോടി, പടിയൂര്‍ പഞ്ചായത്തിലെ കൂത്തുമാക്കല്‍ ഷട്ടര്‍ നിര്‍മാണത്തിനായി 10 കോടി അടക്കമുള്ള വിവിധ പദ്ധതികള്‍ക്കാണു ബജറ്റില്‍ അനുമതി ലഭിച്ചിട്ടുള്ളതെന്നു എംഎല്‍എ പറഞ്ഞു.
ബജറ്റ്: എംഎല്‍എ യുടെ പ്രസ്താവന അവാസ്തവം- അഡ്വ.തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: സംസ്ഥാന ബജറ്റില്‍ നിയോജക മണ്ഡലത്തിലെ ചില പദ്ധതികള്‍ക്ക് തുക അനുവദിച്ചുവെന്ന എംഎല്‍എ യുടെ പ്രസ്താവന അവാസ്തവമാണെന്നു മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന്. പദ്ധതികളുടെ എസ്റ്റിമേറ്റ് തുക എഴുതി ചേര്ത്തിരിക്കുന്നുവെന്നല്ലാതെ പദ്ധതി നിര്‍വഹണത്തിനാവശ്യമായ തുക വക കൊള്ളിച്ചിട്ടില്ല. തുക അനുവദിച്ചെന്ന തരത്തില്‍ പ്രസ്താവന നല്‍കുന്നത് മണ്ഡലത്തിലെ ജനങ്ങളെ അപഹസിക്കുന്നതിനു തുല്യമാണ്. കഴിഞ്ഞ യുഡിഫ് സര്‍ക്കാരിന്റെ കാലത്തു പണം അനുവദിക്കുകയും പ്രവര്‍ത്തികളുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ചെയ്ത പല പദ്ധതികളും നടപ്പിലാക്കാന്‍ ആല്മാര്ത്ഥത കാണിക്കാത്ത എംഎല്‍എ യും എല്‍ഡിഎഫ് സര്‍ക്കാരും കാലാവധി അവസാനിക്കാന്‍ കേവലം രണ്ടു മാസം മാത്രമുള്ളപ്പോള്‍ കോടിക്കണക്കിനു രൂപ വികസനത്തിനായി നല്കി എന്ന് പ്രസ്താവിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുവദിക്കുകയും എല്ലാ നടപടികളും പൂര്‍ത്തികരിക്കുകയും ചെയ്ത അന്താരാഷ്ട്ര കല പൈതൃക നഗരം, കിന്‍ഫ്ര പാര്‍ക്ക് തുടങ്ങി പല പദ്ധതികളും എംഎല്‍എ യുടെ അനാസ്ഥ മൂലം നഷ്ടപെടുന്ന അവസ്ഥയിലായി.വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ആളൂരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സിവില്‍ സര്‍വീസ് അക്കാദമിക്ക് സ്ഥലം കണ്ടെത്തുന്നതിനോ കെട്ടിടം പണിയുന്നതിനോ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ആളൂര്‍ ജംക്ഷന് വികസനം, വെള്ളാഞ്ചിറ കമ്മ്യൂണിറ്റി ഹാള്‍,നന്തി പാലം തുടങ്ങിയവക്ക് അനുവദിച്ച തുകയും നഷ്ടപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ആവശ്യമായ തുക അനുവദിക്കുകയും പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്ത മുരിയാട്-വേളൂക്കര കുടിവെള്ള പദ്ധതിയെ കഴിഞ്ഞ അഞ്ചു വര്‍ഷവും അവഗണിച്ച എംഎല്‍എ ഇപ്പോള്‍ പണം അനുവദിച്ചു എന്ന് പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ഠാണ, ചന്തക്കുന്നു വികസനത്തിന് ഒരു ചെറുവിരല്‍ പോലും അനക്കിയില്ലെന്നു മാത്രമല്ല ഇതിനായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച കോടിക്കണക്കിനു രൂപ നഷ്ടപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിക്കുകയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്ത കോര്‍ട്ട് കോംപ്ലക്സ് , ജനറല്‍ ആശുപത്രി എന്നിവയെ കഴിഞ്ഞ അഞ്ചു വര്‍ഷവും അവഗണിച്ചവര്‍ ഇനി വികസനം നടത്താം എന്ന് പറയുന്നത് എന്തിനു വേണ്ടിയാണെന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാമെന്നും ഉണ്ണിയാടന് പറഞ്ഞു.