നഗരസഭയില്‍ പൂര്‍ത്തീകരിച്ചത് 574 വീടുകള്‍;ഗുണഭോക്താക്കളുടെ സംഗമവുമായി നഗരസഭ
ഇരിങ്ങാലക്കുട: പിഎംഎവൈ (അര്‍ബന്‍) ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച രണ്ടര ലക്ഷം വീടുകളുടെ സംസ്ഥാനതല പ്രഖ്യാപനത്തോടനുബന്ധിച്ച് നഗരസഭ തലത്തില്‍ പദ്ധതിയുടെ ഗുണഭോക്താക്കളുടെ കുടുംബ സംഗമം നടത്തി. എസ്എന്‍ ക്ലബ് ഹാളില്‍ നടന്ന കുടുംബസംഗമവും വിവിധ സര്‍ക്കാര്‍ വായ്പകളെ ഉള്‍പ്പെടുത്തിയുള്ള അദാലത്തും പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെ.എസ്. അരുണ്‍ പദ്ധതി വിശദീകരിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുജ സഞ്ജീവ്കുമാര്‍, സി.സി. ഷിബിന്‍, അംബിക പളളിപ്പുറത്ത്, ജെയ്സന് പാറേക്കാടന്‍, ജിഷ ജോബി, കൗണ്‍സിലര്‍മാരായ ഒ.എസ്. അവിനാഷ്, അല്‍ഫോണ്‍സ തോമസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ ലത സുരേഷ്, ഷൈലജ ബാലന്, വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു. 2016-17 വര്‍ഷം മുതല്‍ നഗരസഭയില്‍ നടപ്പിലാക്കിയ പദ്ധതി പ്രകാരം 574 പേരാണു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആകെ 662 ഗുണഭോക്താക്കളാണു ഉള്ളത്. പിഎംഎവൈ (അര്‍ബന്‍) ലൈഫ് ഗുണഭോക്താക്കളുടെ വിവിധ പ്രശ്നപരിഹാരത്തിനായി നടന്ന അദാലത്തില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. പിഎംഎവൈ എസ്ഡിഎസ് പി.പി. പ്രസാദ്, മെമ്പര്‍ സെക്രട്ടറിമാരായ സി. രമാദേവി, എ.കെ. ദീപ്തി എന്നിവര്‍ നേതൃത്വം നല്കി.