പണയത്തിലുള്ള സ്വര്‍ണാഭരണങ്ങള്‍ തിരിമറി നടത്തി 2.76 കോടി രൂപ വെട്ടിച്ച കേസ്; പ്രതിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി….
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാറളം ശാഖയില്‍ ബാങ്കില്‍ പണയത്തിലുള്ള സ്വര്‍ണാഭരണങ്ങള്‍ തിരിമറി നടത്തി 2.76 കോടി രൂപ വെട്ടിച്ച കേസ്; പ്രതിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി….
ഇരിങ്ങാലക്കുട: ബാങ്കില്‍ പണയത്തിലിരുന്ന 2.76 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തിരിമറി നടത്തിയ കേസില്‍ പ്രതിയായ ബാങ്കിലെ ചീഫ് അസോസിയേറ്റ് ഇരിങ്ങാലക്കുട കാരുകുളങ്ങര അവറാന് വീട്ടില്‍ സുനില്‍ ജോസ് (51) എന്നവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഡി. അജിത്കുമാര്‍ തള്ളി ഉത്തരവായി. 2018 ഒക്ടോബറിനും 2020 നവംബറിനും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാറളം ശാഖയില്‍ ചീഫ് അസോസിയേറ്റ് ആയിരുന്നു പ്രതിയായ സുനില്‍ ജോസ്. ബാങ്കില്‍ പണയത്തിലുള്ള സ്വര്‍ണാഭരണങ്ങളുടെ ഉത്തരവാദിത്വം ബ്രാഞ്ച് മാനേജര്‍ക്കും ഗോള്‍ഡ് അപ്രൈസര്‍ക്കും ചീഫ് അസോസിയേറ്റിനുമായിരുന്നു. മൂന്നു പേരും ലോക്കറിന്റെ താക്കോല്‍ പ്രത്യേകമായി സൂക്ഷിച്ചിരുന്നു. ഓരോ അര്‍ധവര്‍ഷത്തിലും ബാങ്കിലെ ഓഡിറ്റ് വിഭാഗം പരിശോധന നടത്തുന്നതിനാല്‍ രണ്ടുവര്‍ഷത്തിലധികം തിരിമറി മറച്ചുവയ്ക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനിടയിലാണ് തന്റെ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും പേരില്‍ ബാങ്കിലെ സ്വര്‍ണമെടുത്ത് വീണ്ടും പണയം വെച്ച് സുനില്‍ ജോസ് പണം തിരിമറി നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടിരുന്നു. അന്വേഷണം ഇപ്പോള്‍ പ്രാരംഭഘട്ടത്തിലായതിനാല്‍ പ്രതിക്ക് ജാമ്യം കൊടുക്കാന്‍ പാടില്ലെന്ന് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു. തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളി കോടതി ഉത്തരവായത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.