മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, കാക്കാത്തുരുത്തി വെള്ളക്കെട്ടില്‍
പടിയൂര്‍: മുന്നറിയിപ്പില്ലാതെ ഡാമില്‍ നിന്നു വെള്ളം തുറന്നുവിട്ടതുമൂലം പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. ഒന്നാം വാര്‍ഡ് കാക്കാത്തുരുത്തി, കൂത്തുമാക്കല്‍ പ്രദേശത്ത് വെള്ളം കയറി 20 ഓളം വീടുകളാണു വെള്ളക്കെട്ടിലായിരിക്കുന്നത്. കൊയ്ത്തിനു പാകമായ കാട്ടൂര്‍ തെക്കും പാടശേഖരങ്ങളും പച്ചക്കറി കൃഷി ചെയ്യുന്ന പ്രദേശങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാണ്. കഴിഞ്ഞ മൂന്നുദിവസമായി യാതൊരു മുന്നറിയിപ്പുമില്ലാതെ ചിമ്മിനി ഡാം തുറന്നു വിട്ടതാണു കെഎല്‍ഡിസി കനാലില്‍ വെള്ളം കയറാനും കാക്കാത്തുരുത്തി പ്രദേശം വെള്ളക്കെട്ടിലാകാനും കാരണമെന്നു പഞ്ചായത്തംഗം കെ.എം. പ്രേമവത്സന്‍ പറഞ്ഞു. കെഎല്‍ഡിസി കനാലിന്റെ അറ്റത്തുള്ള പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലേക്കാണു വെള്ളം ഒഴുകിയെത്തുന്നത്. വീടുകളുടെ മുറ്റം വരെ വെള്ളത്തിലായി. കനോലി കനാലില്‍ നിന്നു ഉപ്പുവെള്ളം കയറാതിരിക്കാന്‍ കൂത്തുമാക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ ഷട്ടറുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഷട്ടര്‍ തുറന്നാല്‍ ഉപ്പുവെള്ളം കയറുമെന്നാണു കെഎല്‍ഡിസി അധികൃതര്‍ പറയുന്നത്. ഉപ്പുവെള്ളം കയറിയാല്‍ അത് കൃഷിയെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കനാലില്‍ നിന്നു പുളിക്കെട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന ഫാം തോടിന്റെ തുടക്കത്തില്‍ സ്ഥാപിച്ചിരുന്ന ചീപ്പുകള്‍ കാണാതായതിനെ തുടര്‍ന്ന് തോട്ടിലൂടെ വെള്ളം തള്ളികര കൃഷികളും വെള്ളക്കെട്ട് ഭീഷണിയിലാണ്. ഇനിയും വെള്ളം കയറിയാല്‍ പ്രളയകാലത്ത് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചതുപോലെ ഈ വേനലിലും ചെയ്യേണ്ടിവരുമെന്നു പ്രേമവത്സന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവനും വാര്‍ഡംഗം കെ.എം. പ്രേമവത്സനും ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.