50 ഏക്കര്‍ പാടശേഖരത്തില്‍ ജലമെത്തിക്കുന്ന പൊറത്തൂച്ചിറ മലിനജലം നിറഞ്ഞ് ഉപയോഗശൂന്യമായി
മലിനജലം നിറഞ്ഞ് പൊറത്തൂച്ചിറ: 50 ഏക്കറിലെ കൃഷി പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട: നഗരസഭയിലെ 50 ഏക്കര്‍ പാടശേഖരത്തില്‍ ജലമെത്തിക്കുന്ന പൊറത്തൂച്ചിറ മലിനജലം നിറഞ്ഞ് ഉപയോഗശൂന്യമായി. 35, 36 വാര്ഡുകളിലായാണു പൊറത്തൂച്ചിറ. വര്‍ഷങ്ങളായി വൃത്തിയാക്കാതെയാണു ചിറ മലിനമായി മാറിയത്. നാഷണല്‍ സ്കൂളിന്റെ കിഴക്കുഭാഗത്തുകൂടെ കാരുകുളങ്ങര വഴിയാണു പൊറത്തൂച്ചിറയില് വെള്ളമെത്തുന്നത്. ഇവിടെയും പനോലി തോട്ടിലും ചിറ കെട്ടിയാണു കല്ലട തെക്ക് കര്‍ഷക സമിതിയുടെയും കല്ലട താഴം കോള്‍ കര്‍ഷക സമിതിയുടെയും കീഴില്‍ 50 ഏക്കര്‍ നെല്‍കൃഷിക്കു വെള്ളമെത്തിക്കുന്നത്. ഈ പാടശേഖരത്തിലെ ജലസേചനത്തിനായി വര്‍ഷംതോറും ചിറകെട്ടാറുണ്ട്. മാത്രമല്ല, പൊറത്തൂച്ചിറയില് വര്‍ഷംതോറും ഒരു പൂ കൃഷിചെയ്യാറുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ നഗരത്തില്‍ നിന്നു ആരംഭിക്കുന്ന ഈ തോടിന്റെ കരകളില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്ഷോപ്പുകളിലെയും സര്‍വീസ് സ്റ്റേഷനുകളിലെയും ഓയിലും മാലിന്യവും കലര്‍ന്ന വെള്ളം ഒഴുകിയെത്തി ചിറയില്‍ അടിയുകയാണെന്നു പ്രദേശവാസികള്‍ പറഞ്ഞു. മാത്രമല്ല, ചിറയുടെ സമീപപ്രദേശങ്ങളിലെ കിണര്‍വെള്ളവും മലിനമായി. പൊറത്തൂച്ചിറ തോട്ടിലെ വെള്ളം പോകുന്നതു പനോലി തോട്ടിലൂടെയാണ്. പനോലി തോട് കോണ്‍ക്രീറ്റ് ഉപയോഗിച്ചു കെട്ടി സംരക്ഷിച്ചാല്‍ മാത്രമേ കിണറുകളില്‍ മലിനജലം എത്തുന്നതു തടയാന്‍ കഴിയൂ. ഇതിനു ഒരു ശാശ്വത പരിഹാരം വേണമെന്നു നിരന്തരം കൗണ്‍സില്‍ യോഗത്തിലും മറ്റും നിരന്തരം ആവശ്യപ്പെട്ടിട്ട് ഒരു നടപടി എടുക്കാന്‍ പോലും ഭരണസമിതി ശ്രമിച്ചിട്ടില്ലെന്നു കൗണ്‍സിലര്‍ സി.സി. ഷിബിന്‍ പറഞ്ഞു. മണ്ണിന്റെ സ്വാഭാവിക ഘടന നഷ്ടപ്പെട്ട അവസ്ഥയില്‍ കൃഷിചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ കേരള കര്‍ഷക സംഘം പൊറത്തിശേരി മേഖല പ്രസിഡന്റും കല്ലട തെക്ക് കര്‍ഷക സമിതി ട്രഷറര്‍ കൂടിയായ ഐ.ആര്. ബൈജു ആവശ്യപ്പെട്ടു. പരിഹാരം ഉണ്ടായില്ലെങ്കില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നു കര്‍ഷകര്‍ അറിയിച്ചു. നഗരത്തിലെ കടകളില്‍ നിന്നുള്ള മാലിന്യങ്ങളാണോ തോട്ടിലൂടെ ചിറയില്‍ എത്തുന്നതെന്നു പരിശോധിക്കാന്‍ ആരോഗ്യവിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി പറഞ്ഞു. അതിനുശേഷം നടപടിയെടുക്കുമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.