മഴവെള്ള സംരക്ഷണത്തിനു രണ്ട് നൂതന പദ്ധതികളുമായി ഇരിങ്ങാലക്കുടക്കാരൻ കാവല്ലൂര്‍ ഗംഗാധരന്
ഇരിങ്ങാലക്കുട: വേനല്‍ കഠിനമാവുകയും ചൂടേറുകയും കാലാവസ്ഥ മാറുകയും കുടിവെള്ളം ഇല്ലാതാകുകയും ആകുന്ന അവസ്ഥയില്‍ മഴവെള്ള സംരക്ഷണത്തിനു രണ്ട് നൂതന പദ്ധതികളുമായി റിട്ട. എന്‍ജിനീയറും ദേശീയ ജലപുരസ്കാര ജേതാവും ഇരിങ്ങാലക്കുടക്കാരനുമായ കാവല്ലൂര്‍ ഗംഗാധരന്. ജലസംരക്ഷണം ഊര്ജിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അഭിനന്ദനവും അംഗീകാരവും നേടിയ വ്യക്തിയാണു ഗംഗാധരന്. ജലദൗര്‍ലഭ്യം ആഗോളതലത്തില്‍ പിടിമുറുക്കിയിരിക്കുന്നുവെന്നും ജല സാക്ഷരത ഉറപ്പാക്കിയാലെ ഒരു ഗാരണ്ടിയുമില്ലാത്ത ടാങ്കര്‍ വെള്ളത്തിനു പരിഹാരമാകുള്ളൂവെന്നും ഗംഗാധരന് പറയുന്നു. കാലാവസ്ഥാ വ്യതിയാനവും കിണര്‍, തോട്, കുളം, കനാല്‍, അരുവികള്‍, മറ്റ് ജല സ്രോതസുകളുടെ മലിനീകരണവും മണ്ണിട്ടു നികത്തലും ഭൂമിയിലേക്കു അരിച്ചിറങ്ങുന്ന വെള്ളത്തിനു തടസമായി നില്‍ക്കുന്നുവെന്നും അദ്ദേഹം പറയുന്നു. വെള്ളത്തിനായി സമരം ചെയ്യുന്നവരും അതിനു നേതൃത്വം നല്‍കുന്നവരും സ്വന്തം വീട്ടില്‍ ഏതെങ്കിലും ഒരു ജലസംരക്ഷണ മാര്‍ഗം അവലംബിച്ചു കൂടെയെന്നതാണു ഗംഗാധരന്റെ ചോദ്യം. 15 ല്‍ പരം ഭൂജല പരിപോഷണ രീതികള്‍ക്കു ഗംഗാധരന് രൂപം നല്‍കിയതില്‍ പലതും സ്വന്തം ഭൂമിയില്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ കോടിക്കണക്കിന് ലിറ്റര്‍ മഴവെള്ളമാണു അദ്ദേഹം ഭൂജലമാക്കി മാറ്റിയത്. ഒരു തുള്ളി മഴ വെള്ളം പോലും പാഴാവാന്‍ ഇടം കൊടുക്കാതെ സ്വന്തം കിണറിനോട് ചേര്‍ത്ത് ടാര്‍ പാളിന്വലിച്ചുകെട്ടിയും കിണര്‍ റീചാര്‍ജ് നടത്തുന്നതു ജനങ്ങളില്‍ കൗതുകമുണര്‍ത്തുന്നു. 5/10 സെന്റുകാര്ക്കും മുറ്റത്ത് ഫ്ളോര്‍ ടൈല്‍ വിരിച്ചവര്ക്കും ഗ്രൗണ്ട് വാട്ടര്‍ ടേബിള്‍ കൂട്ടാനാകുമെന്നു തെളിയിക്കുകയാണ് വീണ്ടും ഇവിടെ. തീരെ ചെലവ് കുറഞ്ഞ ഡ്രൈ വാട്ടര്‍ ടാങ്ക് ഉണ്ടാക്കിയും അല്ലെങ്കില്‍ തലങ്ങും വിലങ്ങും ഒരു വശത്ത് ദ്വാരമുള്ള പിവിസി പൈപ്പ് മൂന്നോ നാലോ അടി ഇടവിട്ട് നിക്ഷേപിച്ചും ഈ പദ്ധതി നടപ്പാക്കാം. മഴവെള്ളം കടലില്‍ എത്തുന്നതിനു മുമ്പു തന്നെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണം. ഒരു ജല ദിനം കൂടി കടന്നു പോകുമ്പോള്‍ ഒരു തുള്ളി വെള്ളം ഭാവിയിലേക്കു കരുതി വെയ്ക്കാനായി എല്ലാവരും ശ്രമിക്കണമെന്നു ഗംഗാധരന് പറയുന്നു. കാലാവസ്ഥ മാറുന്നു. മാറണം ജനങ്ങളുടെ മനോഭാവം. നാളെ കുടിക്കാനുള്ള വെള്ളം വേണ്ടേയെന്നാണ് കാവല്ലൂര്‍ ഗംഗാധരന് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446880932.