കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവം മാര്‍ച്ച് 28 നു കൊടിയേറി ഏപ്രില്‍ ഏഴിനു ആറാട്ടോടെ നടത്തും
ഇരിങ്ങാലക്കുട: കോവിഡിനെ തുടര്‍ന്ന് മാറ്റി വച്ച 2020 ലെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവം 2021 മാര്‍ച്ച് 28 നു കൊടിയേറി ഏപ്രില്‍ ഏഴിനു ചാലക്കുടി കൂടപ്പുഴയില്‍ ആറാട്ടോടെ നടത്തും. ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടത്താനാണു നിശ്ചിയിച്ചിട്ടുള്ളതെന്നു ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, അഡ്മിനിസ്ട്രേറ്റര്‍ എ.എം. സുമ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കലാപരിപാടികളും അന്നദാനവും ഒഴിവാക്കിയിട്ടുണ്ട്. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയുന്ന ഭക്തജനങ്ങളുടെ എണ്ണം സംബന്ധിച്ച് അടുത്ത ആഴ്ച ചേരുന്ന റിവ്യൂ യോഗത്തില്‍ തീരുമാനിക്കും. ആറാട്ടിനു ആചാരപ്രകാരം മൂന്നാനകളെ പങ്കെടുപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. 2021 ലെ തിരുവുത്സവം ഏപ്രില്‍ 24 നു കൊടിയേറി മെയ് നാലിനു രാപ്പാള്‍ ആറാട്ട് കടവില്‍ ആറാട്ടോടെ ആഘോഷിക്കും. ആചാരങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള രണ്ട് ഉത്സവങ്ങളുടെ നടത്തിപ്പിനായി 75 ലക്ഷം രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. കോവിഡ് സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ മാത്രം ഈ വര്‍ഷത്തെ ഉല്‍സവത്തിനു കലാപരിപാടികള്‍ നടത്തും. ഭരണ സമിതി അംഗങ്ങളായ എന്‍.പി. പരമേശ്വരന് നമ്പൂതിരിപ്പാട്, ഭരതന് കണ്ടേങ്കാട്ടില്‍, കെ.എ. പ്രേമരാജന്‍, എ.വി. ഷൈന്‍, ഉത്സവം കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു ഉദയകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 2020, 2021 വര്‍ഷങ്ങളിലെ ഉത്സവങ്ങളുടെ പ്രോഗ്രാം പുസ്തകം തന്ത്രി പ്രതിനിധി എന്‍.പി. പരമേശ്വരന് നമ്പൂതിരിപ്പാട് സീനിയര്‍ മാധ്യമ പ്രവര്ത്തകന് മൂലയില്‍ വിജയകുമാറിനു നല്കി പ്രകാശനം ചെയ്തു.