കോവിഡ് സമൂഹ അടുക്കള: ചാക്ക് കണക്കിനു അരിയും പലവ്യഞ്ജനങ്ങളും നശിപ്പിച്ച് മുരിയാട് പഞ്ചായത്ത്
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പാവങ്ങള്‍ക്കു ഭക്ഷണം നല്‍കുന്നതിനായി നാട്ടുകാര്‍ സംഭാവനയായി നല്കിയ ചാക്ക് കണക്കിനു അരിയും പലവ്യഞ്ജനങ്ങളും പഞ്ചായത്തിന്റെ സംഭരണ മുറിയില്‍ രണ്ടു മാസമായി കെട്ടിക്കിടന്നു നശിച്ചു. നാട്ടുകാര്‍ സംഭാവനയായി നല്കിയ പണം ഉപയോഗിച്ചു വാങ്ങിയതും നേരിട്ടു നല്കിയതുമായ സാധനങ്ങളാണു നശിച്ചത്. മാര്‍ച്ച് 28 നാണു പഞ്ചായത്ത് സമൂഹ അടുക്കള ആരംഭിച്ചത്. മറ്റു പഞ്ചായത്തുകളില്‍ അഗതികളായവര്ക്കു മൂന്നു നേരവും ഭക്ഷണം നല്കിയപ്പോള് ഇവിടെ ഒരു നേരം മാത്രമാണു ഭക്ഷണം നല്‍കിയിരുന്നത്. വെറും 14 പേര്‍ക്കു മാത്രമാണു ഭക്ഷണം കൊടുത്തുകൊണ്ടിരുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവും നടന്നിരുന്നു. നാട്ടിലെ കര്‍ഷകരും സാധാരണക്കാരും വിവിധ സംഘടനകളും ഇതിലേക്കായി സാധനങ്ങളും നല്‍കിയിരുന്നു. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ സമൂഹ അടുക്കളയുടെ മോണിറ്ററിംഗ് ചുമതല നല്‍കേണ്ട കോണ്‍ഗ്രസ് അംഗമായ ക്ഷേമകാര്യ സ്ഥിരം സമിതിയധ്യക്ഷയെ ഒഴിവാക്കി ഇടതുപക്ഷ പഞ്ചായത്തംഗത്തിനു സമൂഹ അടുക്കളയുടെ ചുമതല നല്‍കുകയായിരുന്നു. പണം വാങ്ങുന്നതിന്റെയോ സാധനങ്ങള്‍ കൈപറ്റുന്നതിന്റെയോ യാതൊരു തരത്തിലുള്ള രേഖകളും കൈകാര്യം ചെയ്തിരുന്നില്ല. ഇതിനെ തുടര്‍ന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്തോഫീസിനു മുമ്പില്‍ നിരാഹാര സമരം നടത്തി. തുടര്‍ന്നു ഏപ്രില്‍ 19 നു മോണിറ്ററിംഗ് കമ്മിറ്റി കൂടിയപ്പോള്‍ നിലവില്‍ 43,000 രൂപയും 720 കിലോ അരിയും പലവ്യഞ്ജനങ്ങളും ഉണ്ടായിരുന്നു. ഇതിനു പുറമെ നിരവധിയാളുകള്‍ തങ്ങള്‍ക്കു റേഷന്‍ കട വഴി ലഭിച്ച അരിയും കിറ്റുകളും ഇവിടേയ്ക്കു നല്‍കിയിരുന്നു. തുടര്‍ന്നും കണക്കുകള്‍ കാണിക്കുന്നതിനോ വിവരങ്ങള്‍ നല്‍കുന്നതിനോ ചുമതലയുള്ളവര്‍ തയാറായില്ലെന്നും സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ ബാക്കിയുണ്ടായിരുന്ന സാധനങ്ങള്‍ പഞ്ചായത്തിലെ നിര്‍ധനരായവര്‍ക്കു നല്കാന് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും പ്രസിഡന്റ് അതു പിന്നെ തീരുമാനിക്കാം എന്നു പറഞ്ഞു മാറ്റിവക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സാധനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള മുറിയില്‍ നിന്നു കഴിഞ്ഞ ദിവസം ദുര്‍ഗന്ധം വമിച്ചപ്പോഴാണു മുറിയില്‍ അടക്കിവച്ചിരിക്കുന്ന അരിയും പലവ്യഞ്ജനങ്ങളും പുഴുവരിച്ചും ചീഞ്ഞ നിലയിലും കാണപ്പെട്ടത്.
ആരോപണം രാഷ്ട്രീയപരം സരിത സുരേഷ് (മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്)
മുരിയാട്: സമൂഹ അടുക്കള അനസാനിപ്പിച്ചപ്പോള് അരി മാത്രമാണു ബാക്കിയുള്ളത്. ഇതു കേടു വന്നുവെന്നുള്ള ആരോപണം തികച്ചും രാഷ്ട്രീയപരമാണ്.