500 ലിറ്റര്‍ വാഷ് പിടികൂടി: ഒരാള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: 500 ലിറ്റര്‍ വാഷ് പിടികൂടി. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം.ആര്. മനോജും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണു റെയ്ഡില്‍ 25 ലിറ്റര്‍ ചാരായം, ചാരായം ഉണ്ടാക്കാനുള്ള പഞ്ചാസാര, ഈസ്റ്റ്, താതിരിപ്പൂവ്, പട്ട, പാകപ്പെടുത്തിയ 500 ലിറ്റര്‍ വാഷ് എന്നിവ കണ്ടെത്തിയത്. ചാലക്കുടി താലൂക്കില്‍ മറ്റത്തൂര്‍ വില്ലേജില്‍ ചെട്ടിച്ചാല്‍ ദേശത്ത് മൂന്നു മുറിയില്‍ കണ്ണങ്ങാടന്‍ വീട്ടില്‍ ബിനോജി (38) നെയാണു സംഭവവുമായി അറസ്റ്റ് ചെയ്തത്. റേഞ്ചാഫീസിലെ സിഇഒ ബിന്ദുരാജിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.എന്‍. സുരേഷ്, സിഇഒ ബിന്ദു രാജ്, വത്സല്‍, രാകേഷ് എന്നിവര്‍ നാലുദിവസമായി കേസിനെ കുറച്ച് രഹസ്യമായി നിരീക്ഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടില്‍ ഉണ്ടെന്നറിഞ്ഞു നടത്തിയ പരിശോധനയിലാണു പ്രതിയേയും ചാരായം, വാഷ്, 45 ലിറ്റര്‍ കൊള്ളുന്ന പ്രഷര്‍കുക്കര്‍, ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിഡര്‍, മറ്റ് വാറ്റ് ഉപകരണങ്ങളുമായി പിടികൂടിയത്. ഇന്‍സ്പെക്ടര്‍ എം.ആര്. മനോജിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ബാബു, ഡബ്ല്യുസിഇഒ ശാലിനി, സിഇഒ വിപിന്‍ എന്നിവരും ഉണ്ടായിരുന്നു. ഈസ്റ്റര്‍, നിയമസഭാ തെരഞ്ഞെടുപ്പ്, വിഷു എന്നിവ മുന്നില്‍ കണ്ട് പ്രതി ചാരായം വാറ്റുകയായിരുന്നുവെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.