ചാത്തന് മാസ്റ്ററുടെ സ്മരണകള്‍ കരുത്തുപകരും: പി.എ. അജയഘോഷ്

ഇരിങ്ങാലക്കുട: കേരള പുലയര്‍ മഹാസഭയുടെ സ്ഥാപകനേതാവും ലോക ചരിത്രം തിരുത്തിയ 57 ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന പി.കെ. ചാത്തന് മാസ്റ്ററുടെ സ്മരണകള്‍ കേരള പുലയര്‍ മഹാസഭയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കു കരുത്തുപകരുമെന്നു കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി.എ. അജയഘോഷ് അഭിപ്രായപ്പെട്ടു. കുഴിക്കാട്ടുകോണത്ത് ചാത്തന് മാസ്റ്ററുടെ അനശ്വര നിശബ്ദത കുടികൊള്ളുന്ന സ്മൃതികുടീരത്തില്‍ 33-ാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തോടുള്ള ആദര സൂചകമായി സുവര്‍ണ ജൂബിലിയോടനുന്ധിച്ച് പൊതുസമൂഹത്തിനു മാതൃകയാകുന്ന കര്മപ്രവര്ത്തനങ്ങള് ഏറ്റെടുത്തു വിജയിപ്പിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗത്തില്‍ സംസ്ഥാന നേതാക്കളായ ഇ.ജെ. തങ്കപ്പന്, പി.എ. രവി, കെ.എസ്. രാജു, കെ.പി. ശോഭന, യൂണിയന് സെക്രട്ടറി പി.എന്‍. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.