ചേലൂര്‍ കാട്ടിക്കുളം റോഡ് കൈയേറ്റം ഒഴിപ്പിക്കല്‍ എങ്ങുമെത്തിയില്ല
എന്നു പൊളിക്കും ഈ കയേറ്റം ??????
ഇരിങ്ങാലക്കുട: നിയമങ്ങള്‍ കാറ്റില്‍ പറത്തി റോഡ് കയ്യേറി പണിത മതില് ഇനിയും പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പിനു നേരമായിട്ടില്ല. പോട്ട-മൂന്നുപീടിക സംസ്ഥാനപാതയിലെ ചേലൂര്‍ കാട്ടിക്കുളം ഭാഗത്തെ കൈയേറ്റമാണു കണ്ടെത്തി നാലുവര്‍ഷം പിന്നിട്ടിട്ടും നടപടിയാകാത്തത്. 2017 ല്‍ ലഭിച്ച എംപി ഫണ്ട് ഏഴുലക്ഷം രൂപ ചെലവഴിച്ച് നഗരസഭ കുളത്തിനു ചുറ്റുമതില്‍ നിര്മിച്ചപ്പോഴാണു പ്രതിഷേധം ഉയര്‍ന്നത്. സംസ്ഥാനപാത കൈയേറിയാണു ചുറ്റുമതില്‍ നിര്‍മിക്കുന്നതെന്നായിരുന്നു പരാതി. കാട്ടിക്കുളത്തിനു സമീപം റോഡ് കയേറി മതില് പണിതിട്ടില്ലെന്നായിരുന്നു നഗരസഭയുടെ വാദം. എന്നാല്‍, പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരം ജില്ലാ സര്‍വേയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം അളന്നു കൈയേറ്റം കണ്ടെത്തിയതോടെ നഗരസഭയുടെ ഈ വാദം പൊളിഞ്ഞു. കയേറ്റം നടത്തിയാണു മതില് പണിതതെന്നു വ്യക്തമാക്കി പൊതുമരാമത്ത് വിഭാഗവും ജില്ലാ സര്‍വേ വിഭാഗവും റിപ്പോര്‍ട്ട് തയാറാക്കി. ജില്ലാ സര്‍വേയറുടെ നേതൃത്വത്തിലുള്ള സംഘം റോഡ് അളന്നതില്‍ 16 മീറ്ററോളമുള്ള റോഡ് ഏഴു മീറ്ററായി ചുരുങ്ങിയതായി കണ്ടെത്തി. കുളത്തിന്റെ പടിഞ്ഞാറുഭാഗത്ത് ആറു മീറ്ററും കിഴക്കു ഭാഗത്ത് ഒന്നര മീറ്ററുമാണു കയേറിയിട്ടുള്ളതെന്നാണു ജില്ലാ സര്‍വേയര്‍ നല്കിയ റിപ്പോര്‍ട്ടിലുള്ളത്. റോഡിനോടു ചേര്‍ന്നുള്ള കുളത്തിന്റെ കിഴക്ക്, പടിഞ്ഞാറു ഭാഗങ്ങള്‍ രണ്ടുമീറ്ററിലധികം റോഡിലേയ്ക്കു തള്ളിയാണു നില്‍ക്കുന്നതെന്നായിരുന്നു കണ്ടെത്തല്‍. സര്‍വേയറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൈയേറ്റം കണ്ടെത്തിയ സ്ഥലത്ത് അടയാളപ്പെടുത്തി പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ ഇരുവശത്തും കോണ്‍ക്രീറ്റ് കാലുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. കയേറ്റം വ്യക്തമായതോടെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനും മന്ത്രിക്കും നല്‍കിയിരുന്നു. എന്നാല്‍, കൈയേറ്റം നീക്കി, റോഡിന്റെ വീതി കൂട്ടാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.
മതില് അപകട ഭീഷണി ഉയര്‍ത്തുന്നു-നാട്ടുകാര്‍
പോട്ട-മൂന്നുപീടിക സംസ്ഥാനപാതയില്‍ ചേലൂരില്‍ അപകട വളവിനു സമീപം പൊതു റോഡ് കയേറി കാട്ടിക്കുളത്തിന്റെ ചുറ്റുമതില്‍ പണിതത് വന്‍ അപകടഭീഷണി ഉണ്ടെന്നാണു നാട്ടുക്കാരുടെ പരാതി. കുളത്തിന്റെ സംരക്ഷണഭിത്തി കൂടുതലായി റോഡിലേക്കു കയറ്റി കെട്ടിയതോടെ ഏറെ അപകടങ്ങള്‍ നടക്കുന്ന ഈ പ്രദേശത്തെ അപകടസാധ്യതകള്‍ പതിന്മടങ്ങായി വര്‍ധിക്കുമെന്നല്ലാതെ യാതൊരുവിധ ഗുണങ്ങളും ഈ പദ്ധതികൊണ്ടു പൊതുജനങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്. നൂറുകണക്കിനു വാഹനങ്ങളാണു നിത്യവും ഈ റോഡിലൂടെ കടന്നുപോകുന്നത്. ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന രീതിയിലാണു സംരക്ഷണഭിത്തിയുടെ നിര്‍മാണം നടന്നിട്ടുള്ളത്. വളവില്‍ വാഹനങ്ങളുടെ കാഴ്ച്ച മറയ്ക്കുന്ന രീതിയില്‍ പണിതിരിക്കുന്ന സംരക്ഷണഭിത്തി കൂടുതല്‍ അപകടങ്ങള്‍ക്കു വഴിയൊരുക്കുകയുള്ളൂവെന്നു നാട്ടുകാര്‍ ആരോപിച്ചു.
സര്‍ക്കാര്‍ ഭരണാനുമതി നല്കിയാല് കയേറ്റങ്ങള്‍ പൊളിച്ചു നീക്കും-പൊതുമരാമത്ത് വകുപ്പ്
ഈ പ്രദേശത്തെ അനധികൃത കയേറ്റങ്ങള്‍ പൊളിച്ചു നീക്കുവാന്‍ സാധിക്കാത്തതു സര്‍ക്കാരില്‍ നിന്നും ഭരണാനുമതി ലഭിക്കാത്തു മൂലമാണ്. മുന്‍ വര്‍ഷങ്ങളില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒരു കോടിയോളം രൂപ ചെലവു വരുന്ന പദ്ധതിയാണിത്. റോഡിലേക്കു തള്ളിനില്ക്കുന്ന കുളത്തിന്റെ ഭാഗത്ത് അടിവശം മുതല്‍ കെട്ടിയുയര്‍ത്തി വേണം ഈ ഭാഗത്ത് വീതികൂട്ടാന്‍. ഇതിനോടൊപ്പം എതിര്‍വശത്തും റോഡിന്റെ മറ്റു ഭാഗങ്ങളിലുമുള്ള കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നു പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.