കോവിഡ് അതിജീവന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇരിഞ്ഞാലക്കുട രൂപത വൈദികരുടെ ശക്തമായ നേതൃത്വം
വൈദിക കൂട്ടായ്മ സോഷ്യല്‍ മീഡിയയിലൂടെ ഒറ്റദിവസംകൊണ്ട് 10 ലക്ഷം രൂപ സമാഹരിച്ചു
ഇരിങ്ങാലക്കുട: കൊറോണ വൈറസ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ രൂപതയിലെ വൈദികര്‍ തങ്ങള്‍ക്കുള്ളത് പങ്കുവെച്ചപ്പോള്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് ഒരു വെന്റിലേറ്റര്‍ വാങ്ങാനുള്ള തുക സമാഹരിക്കാനായി. രൂപതയുടെ ആതുരശുശ്രൂഷാലയമായ ചാലക്കുടി സെന്റ് ജെയിംസ് ആശുപ്രതിയില്‍ ഇന്‍വേസീവ് വെന്റിലേറ്ററുകള്‍ കുറവായതിനാല്‍ അത്യാസന്ന നിലയിലുള്ള രോഗികളെ ചികില്‍സിക്കാന്‍ പ്രയാസം ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചതിന്റെ വെളിച്ചത്തിലാണ് രൂപതയിലെ വൈദികക്ഷേമനിധിയുടെ നേതൃത്വം ഈ ഒരു ലക്ഷ്യത്തിനായി മുന്നിട്ടിറങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ വൈദിക കൂട്ടായ്മയില്‍ ആശയം പങ്കുവച്ചപ്പോള്‍ ഒറ്റദിവസംകൊണ്ട് 10 ലക്ഷം രൂപ സമാഹരിക്കാനായി. ഭാരവാഹികളായ വികാരി ജനറാള്‍ മോണ്‍. ജോയി പാലിയേക്കര, ഫാ. വിന്‍സെന്റ് പാറയില്‍, ഫാ. സജി പൊന്മിണിശ്ശേരി എന്നിവര്‍ ചേര്‍ന്ന് രൂപത മുഖ്യവികാരി ജനറാളായ മോണ്‍. ലാസര്‍ കുറ്റിക്കാടന്റെ സാന്നിധ്യത്തില്‍ പ്രസ്തുത തുക ബിഷപ് മാര്‍ പോളി കണ്ണൂക്കാടനു കൈമാറി. ആരോഗ്യ വകുപ്പിനോടും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധികൃതരോടും സഹകരിച്ചുകൊണ്ട് രൂപതയിലുടനീളം നടക്കുന്ന കോവിഡ് റിലീഫ് പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ഹൃദയ കോവിഡ് പോര്‍ട്ടല്‍ വഴി ഏകീകരിക്കാന്‍ ബിഷപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇരിങ്ങാലക്കുട, പറപ്പൂക്കര, കൊടകര ഫൊറോനകളുടെ പരിധിയില്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ഇരിങ്ങാലക്കുടയിലും കൊടകരയിലും വെള്ളിക്കുള ങ്ങരയിലുമുള്ള ഹൃദയ പാലിയേറ്റീവ് കെയര്‍ സെന്ററുകളുടെ ചുമതലയുള്ള ഫാ. തോമസ് കണ്ണമ്പിള്ളിയും, ചാലക്കുടി, കുറ്റിക്കാട് ഫൊറോനാതിര്ത്തികളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. മനോജ് കരിപ്പായിയുടെ നേതൃത്വത്തിലുള്ള ചാലക്കുടി അവാര്‍ഡ് ഭവനും, ചാലക്കുടി ഹൃദയ പാലിയേറ്റീവ് കെയര്‍ യൂണിറ്റും നേതൃത്വം നല്‍കും. കല്‍പ്പറമ്പ്, പുത്തന്‍ചിറ, എടത്തിരുത്തി ഫൊറോനകളിലെ പ്രവര്‍ത്തനങ്ങള്‍ ഫാ. വര്‍ഗീസ് കോന്തുരുത്തിയുടെ നേതൃത്വത്തില്‍ രൂപത സോഷ്യല്‍ ആക്ഷന്‍ ക്രേന്ദ്രവും, മാള മേഖല ഹൃദയ പാലിയേറ്റീവ് കെയര്‍ യൂണിറ്റും ഏകോപിപ്പിക്കും. അമ്പഴക്കാട്, മാള ഫൊറോനകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേലഡൂര് ഇന്‍ഫന്റ് ജീസസ് മിഷന് ട്രസ്റ്റ് ആശുപ്രതി മുഖ്യമായ പങ്കുവഹിക്കും. രൂപതാതിര്‍ത്തിക്കുള്ളിലുള്ള സന്യാസ സമൂഹങ്ങളുടെ നേതൃത്വത്തിലുള്ള ആശുപ്രതികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രൂപതയോട് സഹകരിക്കും. ഇരിങ്ങാലക്കുട മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ കരാഞ്ചിറ ബിഷപ് ആലപ്പാട്ട് മെമ്മോറിയല്‍ ആശുപ്രതിയും, പുല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് മിഷന് ആശുപ്രതിയും, ഇരിങ്ങാലക്കുട ഡയബെറ്റിക് സെന്ററും മുഖ്യപങ്കാളികളാകും. ചാലക്കുടി മേഖലയില്‍ പോട്ട ധന്യ ആശുപത്രിയും, സെന്റ് ജെയിംസ് ആശുപത്രിയും ചികിത്സാ സൗകര്യങ്ങളൊരുക്കും. മാള മേഖലയില്‍ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ആശുപത്രിയും, മേലഡൂര് ഇന്‍ഫന്റ് ജീസസ് ആശുപതിയും കൈ കോര്‍ക്കും. രൂപതയിലെ 137 ഇടവകകളിലും കര്‍മ്മസേന രൂപീകരിക്കാനും കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിൽ കഴിയുന്നവര്‍ക്കും ആവശ്യമായ മെഡിക്കല്‍ സഹായം, കൗണ്‍സിലിംഗ്, ഭക്ഷണ വിതരണം, ആംബുലന്‍സ് യാത്രാ സൗകര്യം, മെഡിക്കല്‍ കിറ്റ് തുടങ്ങിയ എല്ലാ കാര്യങ്ങളും ക്രമീകരിക്കാന്‍ രൂപതാധ്യക്ഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ മീറ്റിംഗുകളില്‍ തീരുമാനമായി. ചാലക്കുടി, ഇരിങ്ങാലക്കുട, മേലഡൂര്, കൊറ്റനല്ലൂര്‍ എന്നീ സോണുകളില്‍ ഹെല്പ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള സമര്‍പ്പിതരും, രൂപതയിലെ വൈദികരും അടങ്ങുന്ന 80 പേരുടെ സന്നദ്ധ സംഘം ആശുപത്രികളില്‍ പിപിഇ കിറ്റ് ധരിച്ച് കോവിഡ് രോഗികള്‍ക്ക് ആവശ്യമായ അനുബന്ധ സഹായങ്ങള്‍ ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ടെന്ന് രൂപതയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യനേതൃത്വം വഹിക്കുന്ന വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ അറിയിച്ചു.