കരുവന്നൂര്‍ പുറക്കാട്ടുകുന്നു കോളനിയില്‍ കോവിഡ് തീവ്ര വ്യാപനം.35 പേര്‍ക്ക് രോഗം
ഇരിങ്ങാലക്കുട: നഗരസഭയുടെ കരുവന്നൂര്‍ പുറക്കാട്ടുകുന്ന് നാലുസെന്റ് കോളനിയില്‍ കോവിഡ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു. രോഗവ്യാപന സാധ്യത മുന്നില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണു ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഡോ. ബിനുവിന്റെ നേതൃത്വത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ടെസ്റ്റിനു മുന്നോടിയായി കോളനി പ്രദേശത്ത് റോഡുകള്‍ പൂര്‍ണമായും അടക്കുകയും കോളനിയിലേക്കുളള പ്രവേശനം വിലക്കുകയും ചെയ്തു. മാസ് കാമ്പയിനില്‍ 236 പേര്‍ക്ക് ടെസ്റ്റ് നടത്തി. ആന്റിജന്‍ ടെസ്റ്റില്‍ 32 പേര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ മൂന്നു പേര്‍ക്കും കൂടി ആകെ 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ഡിസിസി, സിഎഫ്എല്‍ടിസി എന്നിവിടങ്ങളിലേക്കു മാറ്റുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ വീടുകളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോളനി നിവാസികള്‍ക്കാവശ്യമായ ഭക്ഷണം കമ്യൂണിറ്റി കിച്ചന് വഴി എത്തിക്കുന്നതിനു വൊളന്റിയേഴ്സിനെ ചുമതലപ്പെടുത്തി. കോളനിയിലെ കുടിവെളള പ്രശ്നം പരിഹരിക്കുന്നതിനായി ഓരോ വീടുകളിലേക്കും നഗരസഭയുടെ നേതൃത്വത്തില്‍ കുടിവെള്ളം എത്തിക്കുന്നുണ്ട്. കോളനിയില്‍ നിന്നും അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം നിരീക്ഷിക്കുന്നതിനായി പ്രത്യേക ജാഗ്രതാ കൗണ്ടര്‍ നഗരസഭാ ഹെല്‍പ്പ് ഡെസ്ക്കിന്റെ നേതൃത്വത്തില്‍ യുവജനക്ഷേമ ബോര്‍ഡിലെ വൊളന്റിയേഴ്സിനെ ഉള്‍പ്പെടുത്തികൊണ്ട് ആരംഭിച്ചിട്ടുണ്ട്. ഓരോ ദിവസവും ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നു നഗരസഭാധ്യക്ഷ സോണിയാഗിരി അറിയിച്ചു.