ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്ക് കൂടുതല്‍ കിടക്കകള്‍ സജ്ജം, നഴ്സുമാരുടെ കുറവുകാരണം രോഗികളെ കിടത്തുന്നില്ല
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ നിലവിലെ സാഹചര്യത്തില്‍ നിന്നും മാറി കൂടുതല്‍ കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വച്ചിട്ടുണ്ട്. എന്നാല്‍ ഇവിടത്തേക്ക് രോഗികളെ കിടത്തി ചികില്സിക്കുന്നത് ആരംഭിച്ചിട്ടില്ല. നഴ്സുമാരുടെ കുറവാണ് ഇതിനു കാരണമായിട്ടുള്ളത്. നിലവില്‍ 47 രോഗികളാണു ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. 40 പേര് വാര്‍ഡിലും അഞ്ചുപേര്‍ ഐസിയുവിലും രണ്ടുപേര്‍ വെന്റിലേറ്ററിലുമാണ്. ഇവരെ പരിചരിക്കുന്നതിനായി നിലവിലെ നഴ്സുമാരുടെ എണ്ണംപോലും തികയുന്നില്ല. അമിത ജോലിഭാരത്താല്‍ തളരുകയാണു നഴ്സുമാര്‍. നാലു ഷിഫ്റ്റുകളിലായി 24 നഴ്സുമാരാണുള്ളത്. ഓരോ ഷിഫ്റ്റിലും നാലുപേര്‍ വാര്‍ഡിലും രണ്ടു പേര് അത്യാഹിത വിഭാഗത്തിലുമാണു സേവനം ചെയ്യുന്നത്. കോവിഡ് രോഗികള്‍ക്കായി 50 ശതമാനം കിടക്കകള്‍ ഒഴിച്ചിടണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 92 കിടക്കകളാണു ഇപ്പോള്‍ ഈ ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്. എന്നാല്‍ കോവിഡ് രോഗികളെ കൂടുതല്‍ കിടത്തി ചികില്സിക്കണമെങ്കില് നഴ്സുമാരെ കൂടുതല്‍ നിയമിക്കണം. കൂടുതല്‍ നഴ്സുമാരെ ആവശ്യമുണ്ടെന്നു ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ സംവിധാനങ്ങളും നഴ്സുമാരെയും നിയമിക്കുന്നപക്ഷം കൂടുതല്‍ രോഗികളെ കിടത്തി ചികില്‍സിക്കാം. നിലവില്‍ ഗുരുതരാവസ്ഥയിലാകുന്നവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയാണു ചെയ്യുന്നത്. ജനറല്‍ ആശുപത്രിയിലും മേഖലയിലെ പല സ്വകാര്യ ആശുപത്രികളിലും വെന്റിലേറ്ററുകള്‍ ഒഴിവില്ലാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ എംഎല്‍എയും നഗരസഭാ ചെയര്‍പേഴ്സണും അടിയന്തിരമായി ഇടപ്പെടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.