മാര്‍ ജെയിംസ് പഴയാറ്റില്‍ വിനയത്തിന്റെയും ദൈവാശ്രയ ബോധത്തിന്റെയും ആള് രൂപം: മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: വിനയത്തിന്റെയും ദൈവാശ്രയ ബോധത്തിന്റെയും ആള്‍രൂപമാണ് കാലം ചെയ്ത ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലെന്നു ഇരിങ്ങാക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ഇരിങ്ങാലക്കുട രൂപതയുടെ ശില്പിയും പ്രഥമ ബിഷപുമായ മാര്‍ ജെയിംസ് പഴയാറ്റിലിന്റെ അഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
ദീര്‍ഘവീക്ഷണമുള്ള കാഴ്ചപാടുകളും തീഷ്ണമായ ദര്‍ശനങ്ങളും ഉള്‍കൊണ്ടുകൊണ്ട് അദ്ദേഹം രൂപതയെ വളര്‍ത്തി. ലാളിത്യത്തിന്റെയും വിനയത്തിന്റെയും ജീവിത ശൈലി സ്വായിത്തമാക്കി എല്ലാവരിലും നന്മമാത്രം കാണുന്ന വ്യക്തിത്വമാണ് പഴയാറ്റില്‍ പിതാവ്. കരുതലിന്റെയും വാല്സല്യത്തിന്റെയും ആത്മാര്‍ഥതയുടെയും സത്യസന്ധതയുടെയും കൃതഞ്ജതയുടെയും പാഠങ്ങളാണ് ആര്‍ദ്ര ഹൃദയത്തിനുടമയായ അദ്ദേഹം നമ്മെ പഠിപ്പിച്ചത്-മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
\ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന അനുസ്മരണ ദിവ്യബലിക്കും കബറിടത്തിലുള്ള ശുശ്രൂഷകള്‍ക്കും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാലിയേക്കര, മോണ്‍. ജോസ് മഞ്ഞളി, കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്, ചാന്‍സലര്‍ റവ.ഡോ. നെവിന് ആട്ടോക്കാരന് എന്നിവര്‍ സഹകാര്‍മികരായിരുന്നു.