പുത്തന്‍തോട് പാലത്തില്‍ അപ്രോച്ച് റോഡ് സ്ലാബിന്റെ തകരാര്‍ പരിഹരിച്ചില്ല
കരുവന്നൂര്‍: പുത്തന്‍തോട് പാലത്തിന്റെ അപകടാവസ്ഥയിലായ പാലത്തിന്റെ അപ്രോച്ച് സ്ലാബുകള്‍ മാറ്റി സ്ഥാപിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നു. മുന്‍ വര്‍ഷങ്ങളിലെ പ്രളയത്തില്‍ കെഎല്‍ഡിസി കനാലിനു കുറുകെയുള്ള പുത്തന്‍തോട് പാലം മുങ്ങിയിരുന്നു. തിരക്കേറിയ തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലെ പ്രധാന പാലങ്ങളില്‍ ഒന്നാണു പുത്തന്‍തോട് പാലം. ഒട്ടേറെ വാഹനങ്ങളാണ് ദിനംപ്രതി പാലത്തിലൂടെ കടന്നുപോകുന്നത്. പുത്തന്‍തോട് പാലത്തിന്റെ തെക്കേ അറ്റത്തുള്ള ബീമുകള്ക്കുശേഷം റോഡിനോടു ബന്ധിക്കുന്ന അപ്രോച്ച് റോഡിന്റെ സ്ലാബുകളാണ് പ്രളയത്തില്‍ അടിയിലുള്ള മണ്ണ് ഇടിഞ്ഞുപോയതിനെ തുടര്‍ന്ന് താഴ്ന്നത്. കരുവന്നൂര്‍ കെഎല്‍ഡിസി കനാലിനു കുറുകെയുള്ള പുത്തന്‍തോട് പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ ഈ സ്ഥലത്തെത്തുമ്പോള്‍ വലിയ ശബ്ദത്തോടെ പാലത്തിനു കുലുക്കവും അനുഭവപ്പെട്ടിരുന്നു. പാലത്തിനാണ് പ്രശ്നമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും വിദഗ്ധ പരിശോധനയില്‍ അപ്രോച്ച് റോഡിനോടു ചേര്‍ന്നുള്ള സ്ലാബുകള്‍ താഴേയ്ക്കിരുന്നതാണ് കാരണമെന്ന് കണ്ടെത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പാലത്തിനു സമീപം പിഡബ്ല്യുഡി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കരുവന്നൂര്‍ പുത്തന്‍തോട് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഷിയാസ് പാളയംകോട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കരുവന്നൂര്‍ പുത്തന്‍തോട് പാലത്തിന്റെ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കും-പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം
പുത്തന്‍തോട് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുഭാഗം താഴേയ്ക്കിരുന്നത് പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം. ബസുകളടക്കമുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം ഇതുവഴി നിരോധിക്കും. പണി കരാറുകാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ലോക്ഡൗണ്‍ മൂലം ആളുകളെ ജോലിക്ക് കിട്ടാനുള്ള ബുദ്ധിമുട്ടാണ് ജോലി നീണ്ടുപോകാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. താഴേയ്ക്കിരുന്ന സ്ലാബുകള്‍ പൊളിച്ചുമാറ്റി ഫില്ലറിട്ട് ബലപ്പെടുത്താനാണ് പദ്ധതി. താഴ്ന്നുപോയ സ്ലാബുകള്‍ പൊളിക്കുക, പാലത്തിനോടു ചേര്‍ന്നുള്ള ഭാഗത്ത് കല്ലിട്ട് ബലപ്പെടുത്തി ടാറിടുക എന്നിവയാണ് ചെയ്യാനുള്ളത്.