കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; സിബിഐ അന്വേഷണം വേണം ശോഭ സുരേന്ദ്രന്
ക്രൈം ബ്രാഞ്ചിന് മുകളിലാണ് പാര്‍ട്ടി ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും സഹകരണസംഘം രജിസ്ട്രാറെ അടിയന്തരമായി ചോദ്യം ചെയ്യണമെന്നും തട്ടിപ്പിന്റെ പങ്ക് പറ്റിയവര്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരെന്നും വിമര്‍ശനം
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. ക്രൈം ബ്രാഞ്ചിന് അന്വേഷണം കൊണ്ട് ഇതിന്റെ പുറകിലെ വമ്പന്‍ സ്രാവുകളെ പുറത്തുകൊണ്ടു വരാന്‍ കഴിയില്ല. ക്രൈം ബ്രാഞ്ചിനു മുകളിലാണ് പാര്‍ട്ടി ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശോഭ സുരേന്ദ്രന് വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മുന്‍ പഞ്ചായത്ത് അംഗം തളിയക്കാട്ടില്‍ മുകുന്ദന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. സഹകാരിയുടെ മരണത്തിനു സര്‍ക്കാര്‍ തന്നെയാണു കാരണമെന്നും സഹകരണ വകുപ്പ് ആരാച്ചാര്‍ ആയി മാറുകയായിരുന്നുവെന്നും ശോഭ ചൂണ്ടിക്കാട്ടി. കേരളത്തിലെ സഹകരണമേഖലയില്‍ നടക്കുന്ന തട്ടിപ്പിന്റെയും കുംഭകോണങ്ങളുടെയും ഉദാഹരണം മാത്രമാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നിരിക്കുന്നത്. പോലീസില്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. എല്ലാ വര്‍ഷവും സഹകരണ സംഘങ്ങളില്‍ ഓഡിറ്റ് നടക്കുന്നുണ്ട്. എന്തുകൊണ്ട് തട്ടിപ്പ് കണ്ടുപിടിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ലെന്ന് ശോഭ സുരേന്ദ്രന് ചോദിച്ചു. തട്ടിപ്പിന്റെ പങ്ക് പറ്റുന്നവരല്ല തങ്ങള്‍ എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പാര്ട്ടിക്കാര് തന്നെയാണ് പങ്ക് പറ്റിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി മനസിലാക്കണം. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ അന്വേഷിക്കാന്‍ പി.കെ. ബിജു എംപിയുടെ നേതൃത്വത്തില്‍ വച്ച അന്വേഷണ കമ്മീഷന് പ്രഹസനമായി. സഹകരണ സംഘം രജിസ്ട്രാറെ അടിയന്തരമായി ചോദ്യം ചെയ്യണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡന്റുമാരായ സുനില്‍ തളിയപറമ്പില്‍, അമ്പിളി ജയന്, സെക്രട്ടറി ഷാജൂട്ടന്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംജി മാടത്തിങ്കല്‍, പാര്‍ട്ടി മുനിസിപ്പാലിറ്റി പ്രസിഡന്റ് സന്തോഷ് ബോബന്, മഹിളാമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സുബിത ജയകൃഷ്ണന്, കൗണ്‍സിലര്‍മാരായ മായ അജയന്, വിജയകുമാരി അനിലന്‍, ആര്‍ച്ച അനീഷ് കുമാര്‍, സരിത സുഭാഷ്, മഹിളാമോര്‍ച്ച മുനിസിപ്പല്‍ പ്രസിഡന്റ് അശ്വതി, എം.വി. സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.