കരുവന്നൂര്‍ ബാങ്ക് വായ്പ്പാ തട്ടിപ്പ്; അഴിമതിക്കെതിരെ ഒറ്റയാള്‍ സമരം നടത്തി
തട്ടിപ്പിനെതിരെ ഒറ്റയാന് പോരാട്ടം; മുമ്പ് വധ ഭീഷണി, ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കല്‍
ഇരിങ്ങാലക്കുട: സിപിഎം നിയന്ത്രിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടക്കുന്ന അഴിമതിക്കെതിരെ ഏകാംഗ പ്രതിഷേധം നടത്തിയ സിപിഎം ബ്രാഞ്ച് മുന്‍ സെക്രട്ടറിക്കു നേരിടേണ്ടിവന്നത് വധഭീഷണിയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കലും. പൊറത്തിശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുജേഷ് കണ്ണാട്ട് ആണ് പാര്‍ട്ടിക്കുള്ളിലെ കടുത്ത എതിര്‍പ്പ് അവഗണിച്ചു സമരവുമായി രംഗത്തിറങ്ങിയത്. കൂലിപ്പണിക്കാരും നിര്‍ധനരും ഏറെയുള്ള മേഖലയാണെന്നതിനാല്‍ അവരുടെ ബുദ്ധിമുട്ടു കണ്ടറിഞ്ഞാണ് സുജേഷ് പ്രശ്നത്തിലിടപ്പെട്ടത്. തന്റെ ബ്രാഞ്ചില്‍ അംഗത്വമുള്ള മുതിര്‍ന്ന നേതാവാണ് ബാങ്കിന്റെ പ്രധാന ഭാരവാഹി എന്നതിനാല്‍ ജനങ്ങളുടെ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി സുജേഷ് ആദ്യമെത്തിയത് ഇദ്ദേഹത്തിന്റെ അടുത്താണ്. എന്നാല്‍, ആവശ്യം പരിഗണിക്കപ്പെടാതെ പോയതോടെ കഴിഞ്ഞ ജൂണ്‍ 14 നു ബാങ്കിനു മുന്നില്‍ റോഡില്‍ കുത്തിയിരുന്നു സുജേഷ് സമരം നടത്തി. സമരം ശ്രദ്ധയാകര്ക്ഷിക്കുകയും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ സമര രംഗത്തേക്കെത്തുകയും ചെയ്തതോടെ പാര്‍ട്ടി വെട്ടിലായി. ഇതോടെയാണ് സുജേഷിനും കുടുംബാഗങ്ങള്‍ക്കും നേരെ വധഭീഷണി എത്തിയത്. ഇതിലൊന്നും കുലുങ്ങാതെ സുജേഷ്, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി അയച്ചു. ഈ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് സഹകരണ രജിസ്ട്രാര്‍ക്കു കൈമാറുകയും അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
പ്രവര്‍ത്തകനെ പുറത്താക്കാന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി തീരുമാനമെടുത്തു; പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടിയെന്ന് വിശദീകരിച്ച് സിപിഎം കേന്ദ്രങ്ങള്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഴിമതികള്‍ക്കെതിരെ ‘ഒറ്റയാള്‍ സമരം’ നടത്തിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായിട്ടുള്ള കെ.കെ. സുജേഷ് കണ്ണാട്ടിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കാന്‍ സിപിഎം പൊറത്തിശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി തീരുമാനമെടുത്തു. പാര്‍ട്ടി ഘടകങ്ങളില്‍ വര്‍ഷങ്ങള്‍ മുമ്പ് തന്നെ കരുവന്നൂര്‍ ബാങ്ക് അഴിമതിക്കെതിരേ പ്രതികരിച്ചു കൊണ്ടിരുന്ന വ്യക്തിയായിരുന്നു സുജേഷ്. കരുവന്നൂര്‍ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ. ദിവാകരന് കൂടി ഉള്‍പ്പെടുന്ന സിപിഎം മാടായിക്കോണം സ്കൂള്‍ ബ്രാഞ്ച്, പാര്‍ട്ടിയുടെ ലോക്കല്‍, ഏരിയ, ജില്ലാ നേതാക്കളെയുള്‍പ്പെടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് സുജേഷ് വിവരം ധരിപ്പിച്ചിരുന്നു. എന്നാല്‍ തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാനോ മറ്റു നടപടികള്‍ക്കോ സിപിഎം മുതിരുകയുണ്ടായില്ല. കരുവന്നൂര്‍ ബാങ്ക് അഴിമതിക്കെതിരെ കേരള മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിക്കും സുജേഷ് പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ഡിവൈഎഫ്ഐ മാപ്രാണം മേഖലാ സെക്രട്ടറി കെ.ഡി. യദു തുടങ്ങിയവരുടെ പേരിലുള്ള ലക്ഷങ്ങളുടെ വായ്പകളെക്കുറിച്ച് സുജേഷ് ഈയിടെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും സുജേഷിനെതിരെയുള്ള നടപടി വേഗത്തിലാക്കി എന്നാണു സൂചന. അതേസമയം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണു പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്നും ഏരിയ കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടതെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു.