പ്രായപൂര്‍ത്തിയാകാത്ത ടെലിവിഷന്‍ താരത്തെ അപകീര്‍ത്തിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഫ്ളവേഴ്സ് ചാനലിലെ പ്രശസ്ത സീരിയലില്‍ അഭിനയിച്ചുകൊണ്ടിരുന്ന പ്രമുഖ ബാലതാരത്തെ ഫേസ്ബുക്കിലൂടെ അപമാനിച്ച കേസിലെ യുവാവിനെ ഇരിങ്ങാലക്കുട സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ പത്മരാജനും സംഘവും അറസ്റ്റു ചെയ്തു. കൊല്ലം ജില്ലയിലെ കണ്ണനെല്ലൂര്‍ സ്വദേശിയായ അല്‍ അമീന് (23) എന്നയാളാണ് പോക്സോ നിയമപ്രകാരം സൈബര്‍ പോലീസിന്റെ പിടിയിലായത്. പ്രതി 2019 മുതല്‍ ഫ്ളവേഴ്സ് ചാനലിലെ പ്രമുഖ പ്രോഗ്രാമില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ബാലതാരത്തിന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് അശ്ലീല ട്രോളുകള്‍ പോസ്റ്റു ചെയ്തു സമൂഹത്തില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ അശ്ലീല ട്രോളുകള്‍ 5000 ഓളം പേര് ഷെയര്‍ ചെയ്തും ലൈക്ക് ചെയ്തും പ്രചരിപ്പിച്ചിരുന്നു. പ്രതി പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്തു വരുകയായിരുന്ന പ്രോഗ്രാമിലെ സ്ത്രീ അഭിനയതാക്കളുടെ പ്രോഗ്രാമിലെ ചിത്രങ്ങള്‍ അശ്ലീലചുവയുള്ള ട്രോളുകളോടു കൂടി നിര്‍മിച്ച് വ്യാജ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു വരുകയായിരുന്നു. ഫേസ്ബുക്കില്‍ നിന്നും ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് സ്ക്വാഡ് അംഗങ്ങള്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കൊല്ലം ജില്ലയില്‍ നിന്ന് പ്രതിയെ അറസ്റ്റു ചെയ്തത്. പോലീസ് പിടികൂടാതിരിക്കാനായി മറ്റൊരാളുടെ വിലാസത്തിലുള്ള മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചാണു പ്രതി ഇത്തരം കാര്യങ്ങള്‍ ചെയ്തു വന്നിരുന്നത്. അതുകൊണ്ടുതന്നെ പ്രതിയെ തിരിച്ചറിയുന്ന കാര്യത്തില്‍ പോലീസിനു വളരെയധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന ബാലവകാശ കമ്മീഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് എടുക്കാന്‍ തിരുവനന്തപുരം സൈബര്‍ പോലീസിനേടു നിര്‍ദേശിക്കുകയായിരുന്നു. തിരുവനന്തപുരം സൈബര്‍ പോലീസ് സ്റ്റേഷന് ഈ കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്നുള്ള അന്വേഷണത്തിനു ഇരിങ്ങാലക്കുടയിലുള്ള തൃശൂര്‍ റൂറല്‍ ജില്ലാ സൈബര്‍ പോലീസ് സ്റ്റേഷനിലേക്കു കേസ് ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിര്‍ദേശത്താല്‍ ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി ബിജു ഭാസ്കറിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.കെ. പത്മരാജന്റെ നേതൃത്വത്തില്‍ ജില്ലയിലെ സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ചിരുന്നു.
അശ്ലീല ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്തവരെയും കേസില്‍ പ്രതിചേര്‍ക്കും-ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി
ഇരിങ്ങാലക്കുട: പ്രതി ഉപയോഗിച്ചിരുന്ന വ്യാജ ഫേസ്ബുക്ക് പേജ് പരിശോധിച്ചതില്‍ ധാരാളം വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നും ഈ പേജ് ലൈക്കും കമന്റും രേഖപ്പെടുത്തിയതായി കാണാന്‍ സാധിച്ചിട്ടുണ്ട്. പ്രതി നിര്‍മിച്ച അശ്ലീല ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത ആയിരത്തോളം പേരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ അവരെ കൂടി ഈ കേസില്‍ പ്രതിചേര്‍ക്കുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കെതിരെയും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ടീം വളരെയധികം ഡാറ്റകള്‍ അനലൈസ് ചെയ്താണു പ്രതിയിലേക്കെത്തിയത്. പിടികൂടാതിരിക്കുന്നതിനായി സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ വീട് എടുത്ത് താമസിച്ചു വരികയൊണ് പ്രതി പോലീസിന്റെ പിടിയിലായത്. അന്വേഷണ സംഘത്തില്‍ ഇരിങ്ങാലക്കുട സൈബര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒമാരായ ടി.എന്‍. സുനില്‍കുമാര്‍, എ.കെ. മനോജ്, സിപിഒമാരായ കെ.ജി. അജിത്ത്കുമാര്‍, എം.എസ്. വിപിന്‍, സി.കെ. ഷനൂഹ്, കെ.എ. ഹസീബ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജാരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.