കെപിസിടിഎ അതിജീവനം പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് (കെപിസിടിഎ) കാലിക്കട്ട് മേഖലയുടെ കോവിഡ് സമാശ്വസ പദ്ധതിയായ അതിജീവനത്തിന്റെ യൂണിറ്റ് തലത്തിലുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. ക്രൈസ്റ്റ് കോളജില്‍ നടത്തിയ പരിപാടി ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ജൂലൈ 29 നു ആരംഭിച്ച പദ്ധതിയുടെ ഭാഗമായി കോളജിലെ വിദ്യാര്‍ഥിക്കു 25,000 രൂപയുടെ ചികിത്സാസഹായവും പഠനസഹായമായി വിദ്യാര്‍ഥികള്‍ക്കു മൊബൈല്‍ ഫോണുകളും കൈമാറി. വിജയകരമായ ഒന്നാം ഘട്ടത്തിന്റെ തുടര്‍ച്ചയായി ആരംഭിച്ച രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളജിലെ അര്‍ഹരായ മൂന്നു വിദ്യാര്‍ഥികള്‍ക്കു ഒരു വര്‍ഷത്തെ ഫീസും, കോളജിലെയും കൂടാതെ പുറമെയുള്ള രണ്ടു സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്കു മൊബൈല്‍ ഫോണുകളും കോളജിലെ ജീവനക്കാരിക്കു ചികിത്സാ സഹായവും കോളജിലെ താത്ക്കാലിക ജീവനകാര്ക്കു ഭക്ഷ്യകിറ്റുകളും കൈമാറി. നഗരസഭാ കൗണ്‍സിലര്‍ ജെയ്സണ്‍ പാറേക്കാടന്‍, കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ എന്നിവര്‍ സഹായവിതരണം നടത്തി. കെപിസിടിഎ ജില്ലാ പ്രസിഡന്റ് ഡോ. കെ.ജെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കെപിസിടിഎ യൂണിറ്റ് പ്രസിഡന്റ് പ്രഫ. ഷീബ വര്‍ഗീസ്, സെക്രട്ടറി ഡോ. ലിന്റോ ആലപ്പാട്ട്, ജോയിന്റ് സെക്രട്ടറി എസ്.ആര്. ജിന്‍സി എന്നിവര്‍ പ്രസംഗിച്ചു.