ഇരിങ്ങാലക്കുടയിൽ കുടിവെള്ള വിതരണ പൈപ്പുകള്പൊട്ടുന്നതു വർധിക്കുന്നു
ഇരിങ്ങാലക്കുട: കുടിവെള്ളം വിതരണം മുടങ്ങിയാലും പൈപ്പ് പൊട്ടല്‍ മുടക്കമില്ലാതെ നടക്കുന്നു എന്നുള്ളതാണ് ഇരിങ്ങാലക്കുട മേഖലയിലെ അവസ്ഥ. കേടുകള്‍ മുടക്കി സ്ഥാപിച്ച പൈപ്പുകള്‍ വ്യാപകമായി പൊട്ടുന്നതു മൂലം റോഡുകള്‍ തകരുകയും കാല്നടക്കാരടക്കമുള്ളവരുടെ യാത്ര ദുസഹമാവുകയുമാണ്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം റോഡില്‍ എസ്ബിഐ ബാങ്കിനു മുന്നിലും മാര്‍ക്കറ്റില്‍ നിന്നും റെയില്ഡവേ സ്റ്റേഷന് റോഡിലേക്കുള്ള ശാന്തി സദനം റോഡിലും പൈപ്പു പൊട്ടി വെള്ളം പാഴാകുകയായിരുന്നു. വലിയ കുഴിയായ ശാന്തി സദനം റോഡില്‍ നാട്ടുക്കാര് അപകട ഭീഷണിയെ തുടര്‍ന്ന് വാഴ നട്ടു. പൈപ്പുകളുടെ ഗുണനിലവാര കുറവാണു പൊട്ടലിനു കാരണമായി പറയുന്നത്. പമ്പിംഗ് നടക്കുമ്പോള്‍ വെള്ളം റോഡില്‍ ഒഴുകുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജല അഥോറിറ്റിയിലെ ജീവനക്കാര്‍ രണ്ടിടത്തും പൈപ്പ് പൊട്ടല്‍ തീര്‍ത്തുവെങ്കിലും റോഡ് തകരുകയായിരുന്നു. പൈപ്പ് പൊട്ടിയ ഭാഗത്ത് വലിയ കുഴിയാവുകയും ഈ കുഴിയില്‍ ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ വീഴുകയും അപകടത്തില്‍പ്പെടുകയും ഉണ്ടായി. രാത്രിയിലാണ് അപകടങ്ങള്‍ ഏറെയും നടക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.