മുന്‍ നഗരസഭ ചെയര്‍മാനും വ്യവസായ പ്രമുഖനുമായ കെ.പി. ജോണ്‍ (94) നിര്യാതനായി
ഇരിങ്ങാലക്കുട: മുന്‍ നഗരസഭ ചെയര്‍മാനും വ്യവസായ പ്രമുഖനുമായ കെ.പി. ജോണ്‍ (94) നിര്യാതനായി. ആര്‍എസ് റോഡില്‍ അറക്കല്‍ കണ്ടംകുളത്തി പൈലോതിന്റെ മകനാണ്. 1962 മുതല്‍ 68 വരെ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാനായിരുന്നു. കെപിഎല്‍ ഓയില്‍ മില്‍സ് ചെയര്മാന്, ആളൂര്‍ ഡെലീഷ്യസ് കാഷ്യു കമ്പനി മാനേജിംഗ് പാര്‍ട്ണര്‍, കെഎസ്ഇ ലിമിറ്റഡിന്റെ ആദ്യകാല ഡയറക്ടര്‍മാരിലൊരാള്‍, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍, അഖില കേരള കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിനു സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. ഭാര്യ: പരേതയായ ലീല. മക്കള്‍: ടെസി (യുഎസ്എ), പോള്‍ (പാര്‍ട്ണര്‍ ഡെലീഷ്യസ് കാഷ്യു കമ്പനി ആന്‍ഡ് ഡയറക്ടര്‍ കെപിഎല്‍ ഓയില്‍ മില്‍സ്), ജോസ് (മാനേജിംഗ് ഡയറക്ടര്‍ കെപിഎല്‍ ഓയില്‍ മില്‍, ചെയര്മാന് കെഎസ്ഇ ലിമിറ്റഡ്), എപ്രേം, ഫ്രാന്‍സിസ്, ഡോ. സെബാസ്റ്റ്യന്‍ (യുഎസ്എ-പാര്‍ട്ണര്‍ ഡെലീഷ്യസ് കാഷ്യു കമ്പനി), ആന്റണി (മാനേജിംഗ് പാര്‍ട്ണര്‍ ഡെലീഷ്യസ് കാഷ്യു കമ്പനി). മരുമക്കള്‍: കുരിയപ്പന്‍ ആലപ്പാട്ട് (യുഎസ്എ), ഗീത കല്ലൂക്കാരന്, അന്ന ചേറ്റുപ്പുഴക്കാരന്, ലിനേറ്റ വട്ടത്തറ, ദീപ വട്ടക്കുന്നേല്‍, ഗീത കാരിത്താനം, പ്രീതി കുരിശുമൂട്ടില്‍.
വിടവാങ്ങിയത് ഇരിങ്ങാലക്കുടയുടെ വികസനത്തിന് നേതൃത്വം നല്കിയ വ്യവസായ പ്രമുഖന്
ഇരിങ്ങാലക്കുട: നാടിന്റെ സമഗ്രവികസനത്തിനായി ഒട്ടേറെ സംഭാവനകള്‍ നല്കിയ വ്യവസായ പ്രമുഖനാണ് ഇന്നലെ നിര്യാതനായ കെ.പി. ജോണ്‍. 1962 മുതല്‍ 1968 വരെയുള്ള അഞ്ചര കൊല്ലം ഇരിങ്ങാലക്കുട നഗരസഭയുടെ ചെയര്‍മാനായിരുന്നു. 1962 ല്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണു കോണ്‍ഗ്രസ് നഗരസഭയില്‍ വിജയിച്ചത്. പാര്‍ട്ടി ലീഡറും ചെയര്മാന് സ്ഥാനാര്‍ഥിയുമായി ഏകകണ്ഠമായി കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുത്തു. ചെയര്മാന് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ പേര് നിര്ദേശിക്കുന്നതിനു മുമ്പേ പ്രതിപക്ഷത്തു നിന്നും കെ.പി. ജോണിന്റെ പേര് നിര്‍ദേശിക്കുകയും പിന്താങ്ങുകയും ചെയ്തു. ഇതോടെ ഏകകണ്ഠമായി ചെയര്‍മാനായി കെ.പി. ജോണിനെ തെരഞ്ഞെടുക്കുകയായിരുന്നു. പട്ടണത്തിലെ പല വികസന പദ്ധതികള്‍ക്കു തുടക്കമിട്ടതും പണിപൂര്‍ത്തീകരിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്. ഇപ്പോഴത്തെ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. ടൗണ്‍ഹാള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി കൗണ്‍സില്‍ അംഗീകരിക്കുകയും മെയിന്‍ റോഡ് ഭാഗത്തു തന്നെയുള്ള സ്ഥലം അക്വയര്‍ ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. നഗരസഭയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനു ഠാണാവിന്റെ വടക്കുവശത്തു പണിയിച്ചിട്ടുള്ള ഷോപ്പിംഗ് കോംപ്ലക്സിനു ആവശ്യമായ സ്ഥലം ഏറ്റെടുത്തു. പട്ടണത്തില്‍ സമയമറിയിക്കുന്നതിനു നഗരസഭാ മന്ദിരത്തിനു മുകളില്‍ സൈറണ്‍ സ്ഥാപിച്ചതും മാര്‍ക്കറ്റ് റോഡ് കോണ്‍ക്രീറ്റ് ചെയ്തതും ഇദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളാണ്.
ബിസിനസ് രംഗത്തേക്ക്
1926 ഡിസംബര്‍ 26 ല്‍ ജനിച്ച കെ.പി. ജോണ്‍ മദ്രാസിലെ ലയോള കോളജില്‍ നിന്ന് ബിരുദം നേടി. ലക്നൗ സര്‍വകലാശാലയില്‍ നിന്ന് എംഎ, എല്‍എല്‍ബി ബിരുദം നേടി. ഫുട്ബോളില്‍ തന്റെ സ്കൂളിനെയും കോളജിനെയും പ്രതിനിധീകരിച്ച അദ്ദേഹം സ്പോര്ട്സിന്റെയും ഗെയിമുകളുടെയും ഉപജ്ഞാതാവായിരുന്നു. നിയമ പ്രാക്ടീസില്‍ ഒരു ചെറിയ കാലയളവിനു ശേഷം, ഏക മകനായതിനാല്‍, ഈ പരിശീലനം ഉപേക്ഷിച്ച് കുടുംബ ബിസിനസില്‍ ചേരേണ്ടിവന്നു. ഇരിങ്ങാലക്കുടയിലെ രുചികരമായ കശുവണ്ടി കമ്പനിയുടെ സ്ഥാപക മാനേജിംഗ് പങ്കാളിയും കശുവണ്ടി കയറ്റുമതി പ്രമോഷന് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സജീവ അംഗവുമായിരുന്നു. കെപിഎല്‍ ഓയില്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും കെഎസ്ഇ ലിമിറ്റഡിന്റെ ആദ്യകാലങ്ങളില്‍ ഡയറക്ടറുമായിരുന്നു. ഇരിങ്ങാലക്കുടയിലെ ലയണ്‍സ് ക്ലബിന്റെ ചാര്‍ട്ടര്‍ പ്രസിഡന്റും 91-92 ല്‍ ലയണ്‍സ് ഗവര്‍ണറുമായിരുന്നു അദ്ദേഹം.
സെന്റ് ജോസഫ്സ് കോളജ് തുടങ്ങാന്‍ സ്വന്തം വീട്ടുപറമ്പ് വിട്ടു നല്കി
1963 ല്‍ കെ.പി. ജോണ്‍ ചെയര്‍മാനായിരുന്ന കാലത്താണ് കൗണ്‍സിലിന്റേയും ജനനേതാക്കളുടേയും പ്രത്യേക താത്പര്യത്തില്‍ ക്രൈസ്റ്റ് കോളജില്‍ വനിതാവിഭാഗം ആരംഭിച്ചത്. ഈ വനിതാ വിഭാഗമാണ് 1964 ല്‍ സെന്റ് ജോസഫ് കോളജ് എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ ഇടയായത്. സെന്റ് ജോസഫ്സ് കോളജിന്റെ സ്ഥാപനത്തിനായി രൂപീകരിച്ച ഇരുപതംഗ കമ്മിറ്റിയിലെ അംഗമായിരുന്നു. ഗബ്രിയേലച്ചന്റെ ഇടപെടലുകള്‍ വഴി ഇരിങ്ങാലക്കുടയില്‍ ഒരു വനിതാകലാലയം ഉയര്‍ന്നു വരുമ്പോള്‍ അതിന് ഉയിരും ഉണര്‍വും കൊടുത്ത് കൂടെ നിന്ന ഇരുപതു യുവാക്കളില്‍ ഒരാള്‍. ക്രൈസ്റ്റില്‍ അന്ന് പെണ്‍കുട്ടികള്‍ക്കു പ്രവശനം നിഷിദ്ധമായിരുന്ന കാലം. ഒരു കെട്ടിടമുണ്ടാകുന്നതുവരെ എവിടെ അധ്യയനം നടത്തുമെന്ന് ഗബ്രിയേലച്ചന് വേവലാതിപ്പെടുമ്പോള്‍ ജോണിച്ചേട്ടന് ഠാണാവില്‍ സ്വന്തം വീടിനോടു ചേര്‍ന്ന പറമ്പ് വിട്ടുകൊടുത്തു. അവിടെയാണ് ഈ കലാലയം ആദ്യം പിച്ചവെച്ചു നടന്നത്. പിന്നീട് ഓരോ പണികളിലും മേല്‍നോട്ടം നടത്തി, ഇടയ്ക്കൊക്കെ പഠിപ്പിക്കാനും കൂടും. അന്ന് നേടാവുന്ന ഉന്നത വിദ്യാഭ്യാസം നേടിയിരുന്നെങ്കിലും അതൊരു തൊഴിലായെടുക്കാന് അപ്പന് സമ്മതിക്കുമായിരുന്നില്ല എന്ന് അദ്ദേഹം പറയാറുണ്ട്. പ്രൗഢമായ കച്ചവടപാരമ്പര്യത്തില് പുലരുന്ന കുടുംബത്തില്‍ നിന്ന് മകന് വിദ്യാഭ്യാസ മേഖലയിലേക്കു വഴി തെറ്റുമോ എന്ന് അന്ന് ആ അപ്പന് ഭയപ്പെട്ടതില്‍ അതിശയമില്ല. അന്നതൊരു ലാഭകരമായ തൊഴിലായിരുന്നില്ലല്ലോ. ചങ്ങനാശേരിക്കും കോട്ടയത്തേക്കുമൊക്കെ അധ്യാപകരെ കിട്ടാനായി പലവട്ടം സഞ്ചരിച്ചിട്ടുണ്ട് ജോണിച്ചേട്ടന്. അവിടങ്ങളിലെ കോളജുകളിലെ പ്രഗത്ഭരായ അധ്യാപകരെ ഇവിടേയ്ക്കു ക്ഷണിച്ചു കൊണ്ടുവന്നു. ഒരര്‍ഥത്തില്‍ ഒരു കുടിയേറ്റമായിരുന്നു അവര്‍ക്കത്. പുതിയ നാട്ടില്‍ അവര്‍ക്കായി സര്‍വ സൗകര്യങ്ങളുമൊരുക്കുന്നതില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മത്സരിച്ചു പണിയെടുത്തു. സ്ത്രീവിദ്യാഭ്യാസത്തിന്റെയും മുന്നേറ്റത്തിന്റെയും മികച്ച പ്രവര്ത്തനമാതൃകകളായിരുന്നു ഇവര്‍ കാണിച്ചത്. ജോണിച്ചേട്ടനൊന്നും ഇത് ഒരിടത്തും നടത്താനുള്ള പ്രസംഗവിഷയമായിരുന്നില്ല. ചെയ്തു കാണിക്കാനുള്ള സംഗതികളായിരുന്നു.