കാട്ടൂര്‍ മധുരംപിള്ളി നടപ്പാലം കടക്കണമെങ്കില്‍ ഇത്തിരി കരളുറപ്പു വേണം
പാലം കുലുങ്ങിയാലും അധികൃതര്‍ക്കു കുലുക്കമില്ല
മധുരംപിള്ളി പാലം; കയറ്റവും ഇറക്കവും അതികഠിനം……
കാട്ടൂര്‍: കനോലി കനാലിനു കുറുകെയുള്ള മധുരംപിള്ളി നടപ്പാലം കടക്കണമെങ്കില്‍ ഇത്തിരി കരളുറപ്പു വേണം. വളരെ പരിചിതമായവര്ക്കു മാത്രമേ ഇതിലൂടെ സാഹസിക യാത്ര ചെയ്യാനാകൂ. കുത്തനെയുള്ള പാലത്തിലൂടെ കടക്കുന്നതിനിടെ നിരവധിപേര്‍ വീണു പരിക്കേറ്റിരുന്നു. എടത്തിരുത്തി-കാട്ടൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അപകടാവസ്ഥയിലായ മധുരംപിള്ളി നടപ്പാലം അപകടാവസ്ഥയിലാണ്. കാല് നൂറ്റാണ്ട് പഴക്കമുള്ള നടപ്പാലത്തിന്റെ കൈവരികള്‍ തകര്‍ന്നും കാലുകള്‍ ദ്രവിച്ച് ഇല്ലാതായിരിക്കുകയാണ്. ഇതു ആദ്യം മരപ്പാലമായിരുന്നു. 1989 ല്‍ ആയിരുന്നു ഇതിന്റെ നിര്‍മാണം. പാലത്തിനോടുചേര്‍ന്ന് താമസിക്കുന്ന പുതിയ വീട്ടില്‍ ബീരാന്, പി. സിദ്ധിക്ക്, അസനാര് പള്ളിപറമ്പില്‍, മാണിയത്ത് സുധാകരന് എന്നിവരാണു മരപ്പാലത്തിന്റെ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത്. കനാലിനു കിഴക്കുഭാഗത്തുള്ള കൃഷി ഭൂമികള്‍ കനാലിനു പടിഞ്ഞാറു ഭാഗത്തുള്ളവരുടെതായിരുന്നു. അവിടെനിന്നു ജോലിക്കാര്‍ക്കും മറ്റും വരുവാനും പോകുവാനുമാണു പാലം നിര്‍മിച്ചത്. നാലു വര്‍ഷത്തിനു ശേഷം 1993 ല്‍ കോണ്‍ക്രീറ്റ് പാലം പണികഴിച്ചു. പഞ്ചായത്തുകളില്‍ നിന്നും ചെറിയ തോതിലുള്ള സഹായവും നാട്ടുകാരുടെ സഹായത്തോടെയുമായിരുന്നു കോണ്‍ക്രീറ്റ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പാലം കോണ്‍ക്രീറ്റ് ചെയ്യുന്ന ദിവസം ഈ കനോലി കനാലിലൂടെ കളക്ടര്‍ അടക്കമുള്ള സംഘം ബോട്ടില്‍ കനോലി കനാലിലൂടെ വന്നു. ഇവര്‍ക്ക് യാത്ര തുടര്‍ന്നുപോകാന്‍ പാലത്തിന്റെ മേല്‍തട്ട് തടസമായതോടെ കളക്ടര്‍ ഇടപെട്ട് അതു പൊളിച്ചുനീക്കി. രണ്ടു അടി ഉയരം വര്‍ധിപ്പിച്ച് നടപ്പാലം കോണ്‍ക്രീറ്റ് നടത്തി. കൈവരികളും തൂണുകളും ബീമിന്റെ കോണ്‍ക്രീറ്റും തകര്ന്നുവീണുകൊണ്ടിരിക്കുകയാണ്. കാല് ലക്ഷത്തിലധികം രൂപ മാത്രം ചെലവാക്കി നിര്‍മിച്ച പാലത്തില്‍ ഇന്ന് സൈക്കിള്‍ പോലും കടത്തുക പ്രയാസമാണ്. മഴക്കാലമായാല്‍ പാലത്തിന്റെ താഴ്ന്ന ഭാഗം വെള്ളം മൂടി യാത്ര കൂടുതല്‍ അപകടകരമാകും. ഇരു പഞ്ചായത്തിലെയും നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ പാലത്തിന്റെ ഇരുവശത്തും രണ്ടു പഞ്ചായത്തുകളില്‍ നിന്നായി റോഡുകള്‍ വന്നു നില്‍ക്കുന്നുണ്ട്. എടത്തിരുത്തിയിലുള്ളവര്ക്കും കയ്പമംഗലത്തുള്ളവര്ക്കും ഇരിങ്ങാലക്കുടയുമായി ബന്ധപ്പെടുവാനുള്ള എളുപ്പവഴിയാണിത്.
അപകടാവസ്ഥയിലായ പാലം പൊളിച്ചു നീക്കാന്‍ നീക്കം.
കാട്ടൂര്‍: അപകടാവസ്ഥയിലായ പാലം പൊളിച്ചു നീക്കാന്‍ ഇറിഗേഷന്‍ വകുപ്പ് കത്തു നില്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള ഫണ്ട് വകയിരുത്തിയിട്ടില്ല. കാട്ടൂര്‍ മാര്‍ക്കറ്റിലേക്കും പോകുന്നവര്‍ക്കുമുള്ള എളുപ്പ മാര്‍ഗമാണിത്. 500 ഓളം കുടുംബങ്ങള്‍ക്കാണ് ഈ പാലം ഉപകാരപ്രദമാകുക. ഈ പാലത്തിന്റെ കടവിനു സമീപത്താണ് മധുരംപിള്ളി ജംഗ്ഷന്. ജനങ്ങളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി കനാലില്‍ വഞ്ചികള്‍ സഞ്ചരിക്കാന്‍ പാകത്തില്‍ ഉയരത്തില്‍ ഇരുചക്ര വാഹനങ്ങളെങ്കിലും കടന്നുപോകുന്ന സൗകര്യപ്രദമായ പാലം നിര്‍മിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.