മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
എടതിരിഞ്ഞി: ചെട്ടിയാല്‍ ജംഗ്ഷനു സമീപം ആര്ഐഎല്പി സ്കൂള്‍ പരിസരത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. എല്‍പി സ്കൂളില്‍ 150 ഓളം കുട്ടികളാണു പഠിക്കുന്നത്. സ്കൂളിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണു ടവര്‍ നിര്‍മാണം ആരംഭിക്കാനൊരുങ്ങുന്നത്. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുക്കാരും ചേര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്. സ്കൂള്‍ പരിസരത്തു നിന്നും ടവര്‍ മാറ്റി അനുയോജ്യമായ സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുക എന്നുള്ളതാണ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. കുറച്ചു നാള് മുമ്പ് കളക്ടര്‍ ഇടപ്പെട്ട് ടവര്‍ നിര്‍മാണം താത്കാലികമായി നിര്‍ത്തി വെച്ചതായിരുന്നു. ഇപ്പോള്‍ വീണ്ടും ഇതേ സ്ഥലത്ത് ടവര്‍ നിര്‍മിക്കാനുള്ള നീക്കം ആരംഭിച്ചപ്പോഴാണു നാട്ടുക്കാര് പ്രക്ഷോഭവുമായി രംഗത്തു വന്നത്. നാട്ടുക്കാരുടെ പ്രക്ഷോഭങ്ങളെ മറികടന്ന് സ്കൂള്‍ പരിസരത്ത് ടവര്‍ സ്ഥാപിക്കുകയാണെങ്കില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റു സ്കൂളുകളില്‍ കുട്ടികളെ ചേര്ക്കുവാനാണു രക്ഷിതാക്കളുടെ തീരുമാനം. പഞ്ചായത്തംഗം വി.ടി. ബിനോയ് ചെയര്‍മാനായും ദിനചന്ദ്രന് കണ്‍വീനറായും വിപുലമായ ആക്ഷന്‍ കൗണ്‍സിലാണു രൂപീകരിച്ചിരിക്കുന്നത്. കെ.ബി. പ്രേമ വല്സന് (വൈസ് ചെയര്മാന്), റാഫേല്‍ അറക്കല്‍ (ജോയിന്റ് കണ്‍വീനര്‍), സി.വി. രാജീവന് (ട്രഷറര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍. വിവിധ രാഷ്ട്രീയ പ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും മേഖലയിലെ പ്രമുഖരും കമ്മിറ്റിയിലുണ്ട്.