ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതുമയായി പുത്തിരിക്കളി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃപ്പുത്തിരിക്ക് ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം അവതരിപ്പിച്ച സന്താനഗോപാലം കഥകളി ആസ്വാദകരുടെ മനം കവര്‍ന്നു. കഥകളി ആചാര്യന് സദനം കൃഷ്ണന്കുട്ടിയാശാനാണു സന്താനഗോപാലത്തില്‍ ബ്രാഹ്മണനായി നിറഞ്ഞാടിയത്. അവസാനരംഗത്തു കാണികളായി എത്തിയവരുടെ മക്കളടക്കമുള്ളവര്‍ ബ്രാഹ്മണകുട്ടികളായി വേഷമിട്ടു. സംഗമേശസന്നിധിയില് നടന്ന സന്താനഗോപാലം കഥകളിയില്‍ ഒരു സമര്‍പ്പണം പോലെയാണു ഭക്തര്‍ കുട്ടികളെ പങ്കെടുപ്പിച്ചത്. അര്‍ജ്ജുനനായി കലാനിലയം ഗോപിനാഥനും കൃഷ്ണനായി ഗോകുല്‍ കൃഷ്ണയും രംഗത്തെത്തി. ബ്രാഹ്മണപത്നിയായി ചമ്പക്കര വിജയകുമാര്‍ വേഷമിട്ടു. കലാനിലയം രാമകൃഷ്ണന്, രാജീവ്, സഞ്ജയ്, നാരായണന് എന്നിവരായിരുന്നു സംഗീതം. കലാമണ്ഡലം ശിവദാസ് ചെണ്ടയിലും കലാമണ്ഡലം ഹരിദാസ്, കലാനിലയം പ്രകാശന് എന്നിവര്‍ മദ്ദളത്തിലും രംഗത്തെത്തി. കലാനിലയം പ്രശാന്ത് ചുട്ടിയിലും മനീഷ് എം. പണിക്കര്‍ അണിയറയിലും മേല്‍നോട്ടം നല്കി.