ജനവാസകേന്ദ്രത്തില്‍ മാലിന്യ സംസ്കരണ നീക്കം ഉപേക്ഷിക്കണം-താഴെക്കാട് പൗരസമിതി
താഴെക്കാട്: ആളൂര്‍ പഞ്ചായത്ത് 16-ാം വാര്‍ഡില്‍ പതിക്കാട് കമ്യൂണിറ്റി ഹാളിനു സമീപം മാലിന്യം നിക്ഷേപിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു താഴെക്കാട് പൗരസമിതി ആവശ്യപ്പെട്ടു. നിലവില്‍ വാര്‍ഡിലെ മാലിന്യങ്ങള്‍ കൊണ്ടുവന്ന് ജൈവ-അജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്തിരിക്കുവാറുണ്ട്. എന്നാല്‍ സമീപ വാര്‍ഡുകളിലെ മാലിന്യങ്ങളും ഇവിടത്തേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പരിസരവാസികള്‍ പറയുന്നു. കല്യാണം തുടങ്ങിയ ചടങ്ങുകള്‍ നടക്കുന്ന ഹാളിനു സമീപത്താണ് മാലിന്യം കൊണ്ടുവരുവാനുള്ള നീക്കം. നൂറുമീറ്റര്‍ ചുറ്റളവില്‍ അറുപതോളം വീടുകള്‍ ഉള്‍പ്പെടുന്ന ജനവാസ കേന്ദ്രവുമാണ്. ഇവിടെ മാലിന്യം നിക്ഷേപിച്ചാല്‍ സമീപവാസികളായ കുട്ടികളടക്കമുള്ളവര്‍ക്ക് പകര്‍ച്ചവ്യാധികളും മറ്റും പിടിപെടാന്‍ കാരണമാകും. അതിനാല്‍ മാലിന്യം കൊണ്ടുവരുവാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും അതിനായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം. മാലിന്യം സംസ്കരിക്കുവാനുള്ള പഞ്ചായത്തധികൃതരുടെ നീക്കം ശക്തമായ സമരപരിപാടികളോടെ നേരിടുന്നതിനു വേണ്ടി ബിജു മുല്ലശേരി ചെയര്‍മാനായും സ്റ്റീഫണ്‍ തെക്കേത്തല കണ്‍വീനറായും പൗരസമിതി രൂപീകരിച്ചു. മാലിന്യ സംസ്കരണമല്ല, മറിച്ച് ഖരമാലിന്യം വേര്‍തിരിക്കുകയും പ്ലാസ്റ്റിക് മാലിന്യം ക്ലീന്‍ കേരളക്കു നല്കുന്നതിനു വേണ്ടിയുള്ള സംവിധാനമാണ് ഇവിടെ ഒരുക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ പറഞ്ഞു.