ഷോക്കേറ്റു യുവാവിന്റെ മരണം; ഉദ്യോഗസ്ഥരുടെ വീഴ്ചയെന്നു നാട്ടുകാര്‍
വീഴ്ചയില്ലെന്നു വിശദീകരിച്ചു കെഎസ്ഇബി അധിക്യതര്‍
ഇരിങ്ങാലക്കുട: അവിട്ടത്തൂരില്‍ ഇലക്ട്രിക് ലൈനില്‍ തോട്ടി തട്ടി യുവാവ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ കെഎസ്ഇബിയുടെ വീഴ്ച ഉണ്ടെന്നു നാട്ടുകാര്‍. എഞ്ചിനീയറിംഗ് ബിരുദധാരിയായ കടുപ്പശേരി ചെങ്ങാറ്റുമുറി തത്തംപ്പിള്ളി വീട്ടില്‍ തോമസിന്റെ മകന് ടിബിന്‍ (21) ആണു കഴിഞ്ഞ ദിവസം പറമ്പില്‍ നിന്നു തോട്ടിയുമായി മടങ്ങുന്നതിനിടയില്‍ 33 കെവി ലൈനില്‍ തോട്ടി തട്ടി ഷോക്കേറ്റ് മരിച്ചത്. 33 കെവി ലൈനിന് ആവശ്യത്തിന് ഉയരമില്ലാഞ്ഞതാണ് അപകടകാരണമെന്നും ഇതു സംബന്ധിച്ചു നേരത്തെ പരാതി നല്‍കിയിരുന്നതാണെന്നും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീഴ്ച പ്രകടമാണെന്നും ചെങ്ങാറ്റുമുറി സ്വദേശികളായ അജു കോച്ചേരി, കെ.എസ്. രാജു, പി.എം. മനോജ്, പി.വി. ബിനു എന്നിവര്‍ പറഞ്ഞു. ഇതു സംബന്ധിച്ചു കെഎസ്ഇബിക്കും പോലീസിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. മരണമടഞ്ഞ ടിബിന്റെ പിതാവ് തോമസ്, സഹോദരന് ടോബിന് എന്നിവരും കൂടെ ഉണ്ടായിരുന്നു. എന്നാല്‍ നിയമം അനുശാസിക്കുന്ന ഉയരത്തിലാണു 33 കെ വി ലൈന്‍ സ്ഥിതി ചെയ്യുന്നതെന്നും ഇരുമ്പു തോട്ടിയുടെ ഉയരക്കൂടുതലാണ് അപകടത്തിനു കാരണമായതെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഇക്കാര്യം കഴിഞ്ഞ ദിവസം അപകടസ്ഥലത്ത് എത്തിയ കെഎസ്ഇബി സംഘം സ്ഥിരീകരിച്ചതാണ്. ഉന്നത ഉദ്യോഗസ്ഥരായ പി. ജയചന്ദ്രന്, ടി.ആര്. ഷിബു, എം.എസ്. സാജു, ബാലഗോപാല്‍, ബൈജു എന്നിവരാണു സ്ഥലം സന്ദര്‍ശിച്ചത്. പാടത്തിനു മുകളിലൂടെ കടന്നുപോകുന്ന 33 കെ വി ലൈനിനു 5.2 മീറ്റര്‍ ഉയരമാണു നിയമപ്രകാരം ആവശ്യമുള്ളത്. ഓങ്ങിച്ചിറ പരിസരത്തുള്ള പാടത്തിനു മുകളിലൂടെ പോകുന്ന ലൈനിന് ഇതുണ്ടെന്നും എന്നാല്‍ ഇരുമ്പു തോട്ടിക്കു 6.25 മീറ്റര്‍ ഉയരമുണ്ടെന്നും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ വ്യക്തമായെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.