ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി; പുതിയ കെട്ടിടത്തിന്റെ പണി ഉടന്‍ തീര്‍ക്കും
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ശേഷിക്കുന്ന പണികള്‍ പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥതല യോഗം വിളിക്കുമെന്നു മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ആശുപത്രിയുടെ എച്ച്എംസി യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇതിനായി ജനുവരി മൂന്നിനു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. 2020 ഏപ്രില്‍ മുതല്‍ പുതിയ കെട്ടിടത്തില്‍ മെഡിസിന് അടക്കമുള്ള ഒപികളും ആര്‍ടിപിസിആര്‍ ടെസ്റ്റുകളും വാക്സിനേഷനും നടത്തുന്നുണ്ട്. വൈദ്യുതി കണക്ഷന് ലഭിച്ചിട്ടില്ലാത്തതിനാല്‍ നിര്‍മാണത്തിനായി അനുവദിച്ച സിംഗിള്‍ ഫേസ് കണക്ഷനിലാണ് ഈ കെട്ടിടത്തിലെ ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിപ്പിക്കുന്നത്. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു കോമ്പൗണ്ടില്‍ രണ്ടു ട്രാന്‍സ്ഫോര്‍മര്‍ ഉള്ളതിനാല്‍ ഇതിന് അനുമതി ലഭിച്ചിട്ടില്ല. കെട്ടിടത്തിലെ ലിഫ്റ്റ് സംവിധാനം, ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനങ്ങള്‍, റീട്ടൈനിംഗ് വാള്, ഇന്റര്‍ ലോക്കിംഗ് ടൈല്‍ വിരിക്കല്‍, സാനിറ്റേഷന്‍ തുടങ്ങിയവയാണു പൂര്‍ത്തിയാക്കാനുള്ളത്. ഇവ പൂര്‍ത്തീകരിച്ചു കെട്ടിടം എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടാണു യോഗം വിളിച്ചിരിക്കുന്നത്. ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താനും യോഗം തീരുമാനിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി, ആശുപത്രി സൂപ്രണ്ട് മിനിമോള്‍, നഗരസഭാ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച കെട്ടിടം പ്രവര്‍ത്തനസജ്ജമാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും
നബാര്ഡേ… ശരണം
ഇരിങ്ങാലക്കുട: കോടികള്‍ ചെലവഴിച്ചു താലൂക്ക് ആശുപത്രിക്കായി നിര്‍മിച്ച കെട്ടിടം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നു ഉറപ്പായി. സംസ്ഥാന സര്‍ക്കാരിന്റെ മിഷന് 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ 2013-14 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന കെട്ടിടത്തിനാണ് ഈ ഗതികേട്. രണ്ടു ഘട്ടങ്ങളിലായി കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതി. 2016 ല്‍ നിര്‍മാണം ആരംഭിച്ചു. 2019 ല്‍ ആദ്യ മൂന്നു നിലകളുടെ നിര്‍മാണം എട്ടു കോടി രൂപ ചെലവഴിച്ചു പൂര്‍ത്തീകരിച്ചെങ്കിലും അന്തിമ ജോലികള്‍ ബാക്കിയായതും ലിഫ്റ്റും അഗ്നിസുരക്ഷാ സംവിധാനങ്ങളും ഇല്ലാത്തതുമാണു തിരിച്ചടിയായത്. ആദ്യ മൂന്നു നിലകളിലായി റിസപ്ഷനും സ്റ്റോറും ഫാര്‍മസിയും ലാബും എക്സറേയും 18 ഒപി മുറികളും മെഡിക്കല്‍ ഐസിയുവും ഓരോ നിലകളിലും കോണി മുറികളും ലിഫ്റ്റ് മുറിയുമൊക്കെയാണു വിഭാവനം ചെയ്തിരുന്നത്. ആദ്യഘട്ട വികസനത്തിന്റെ പൂര്‍ത്തീകരണത്തിനും അവശേഷിച്ച മൂന്നു നിലകളുടെ നിര്‍മാണ പൂര്‍ത്തീകരണത്തിനുമായി 12 കോടി രൂപയുടെ പദ്ധതി നബാര്‍ഡില്‍ സമര്‍പ്പിച്ചു. സാങ്കേതിക അനുമതിക്കായി കാത്തിരിക്കുകയാണ് ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ്. മെഡിസിന് അടക്കമുള്ള ഒപികളും കോവിഡ് പരിശോധനകളും വാക്സിനേഷനുമാണ് ഇപ്പോള്‍ കെട്ടിടത്തില്‍ നടത്തിവരുന്നത്. കെട്ടിട നിര്‍മാണത്തിനായുള്ള സിംഗിള്‍ ഫേസ് കണക്ഷന് ഉപയോഗിച്ചാണു ഫാനുകളും ലൈറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നത്. കെട്ടിട നിര്‍മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇതു സംബന്ധിച്ചു താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. സാങ്കേതിക കാര്യങ്ങളുടെ പേരില്‍ കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച കെട്ടിടം പൂര്‍ണമായ അര്‍ഥത്തില്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുന്നതു മോശമാണെന്നും സാമൂഹ്യപ്രതിബദ്ധതയോടെ ഇടപെടലുകള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്നെ ആശുപത്രിയുടെ മറ്റു ആവശ്യങ്ങള്‍ക്കായി കെട്ടിടം സജീകരിക്കാനുള്ള വഴികള്‍ കണ്ടെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 12 കോടി രൂപയുടെ പദ്ധതിക്കു സാങ്കേതിക അനുമതി നേടിയെടുക്കാനുള്ള ഇടപെടലുകള്‍ നടത്താമെന്നും മന്ത്രി ഉറപ്പു നല്കി. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അംബിക പള്ളിപ്പുറത്ത്, ജെയ്സന് പാറേക്കാടന്‍, ആശുപത്രി സൂപ്രണ്ട് ഡോ. മിനി മോള്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ പി.വി. ബിജി, എന്‍.വി. ആന്റണി, വി.ആര്. ദീപ, ഓവര്‍സീയര്‍ അജിത തുടങ്ങിയവര്‍ പങ്കെടുത്തു.