കൂടിയാട്ട മഹോത്സവത്തിനു ഹനുമാന്റെ ഉദ്യാനഭഞ്ജനത്തോടെ സമാപനം

ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ 12 ദിവസമായി നടന്നു വരുന്ന കൂടിയാട്ട മഹോത്സവം തോരണയുദ്ധം കൂടിയാട്ടത്തിന്റെ സമ്പൂര്ണാവതരണത്തോടെ സമാപിച്ചു. ഹനുമാന്റെ ഉദ്യാനഭഞ്ജനവും രാക്ഷസന്മാരുമായുള്ള യുദ്ധവും രാവണന്റെ സഭയില്‍ ഒരുമിച്ചിരുന്നുള്ള സംഭാഷണവുമായിരുന്നു അഭിനയ വിഷയം. ഹനുമാനായി അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍, രാവണനായി സൂരജ് നമ്പ്യാര്‍, വിഭീഷണനായി ഗുരുകുലം തരുണ്‍, രാക്ഷസന്മാരായി ഗുരുകുലം കൃഷ്ണദേവ്, ഗുരുകുലം ശങ്കരന് എന്നിവര്‍ രംഗത്തെത്തി. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍ എന്നിവരും ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന്, മൂര്‍ക്കനാട് ദിനേശ് വാര്യര്‍ എന്നിവരും താളത്തിനു സരിത കൃഷ്ണകുമാര്‍, വിഷ്ണുപ്രിയ, അഞ്ജന എന്നിവരും ചമയത്തിനു കലാനിലയം ഹരിദാസ്, കലാമണ്ഡലം നിഖില്‍ എന്നിവരും പങ്കെടുത്തു.