ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട കത്തീഡ്രൽ പിണ്ടിപ്പെരുന്നാള്
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
ഇരിങ്ങാലക്കുട: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി മാറുകയായിരുന്നു ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്. ജീവന് പകുത്തു നല്കാനായില്ലെങ്കിലും മനുഷ്യ ജീവന്റെ വിലയറിഞ്ഞു ജീവന്റെ നിലനില്‍പ്പിനായി 12 ലക്ഷം രൂപയാണു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടുബന്ധിച്ചു നടന്ന പ്രസുദേന്തി വാഴ്ചയിലൂടെ സമാഹരിച്ച തുക നല്‍കിയാണു മനുഷ്യസ്നേഹത്തിന്റെ മഹാസന്ദേശം നല്‍കിയത്. 1,000 പേര് 1,000 രൂപ വീതം നല്കി ലഭിച്ച 12 ലക്ഷം രൂപ കത്തീഡ്രല്‍ റൂബി ജൂബിലിയുടെ സ്മാരകമായുള്ള സൗജന്യ ഡയാലിസിസ് പദ്ധതിക്കു കൈമാറുകയായിരുന്നു. തിരുനാള്‍ ദിവ്യബലി മധ്യേ കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്തിനു പ്രസുദേന്തി കണ്‍വീനര്‍ ജിജോ ജോണി സമര്‍പ്പിക്കുകയായിരുന്നു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സാംസണ് എലുവത്തിങ്കല്‍, ഫാ. ജിബിന്‍ നായത്തോടന്‍, ട്രസ്റ്റിമാരായ അഡ്വ. ഹോബി ജോളി, ഡോ. ടി.എം. ജോസ്, കുര്യന്, ജെയ്ഫിന് ഫ്രാന്‍സീസ്, ജനറല്‍ കണ്‍വീനര്‍ ബിജു പോള്‍ അക്കരക്കാരന്‍, ജോയിന്റ് കണ്‍വീനേഴ്സ് ചിഞ്ചു ആന്റോ, സുനില്‍ ആന്റപ്പന്, പ്രസുദേന്തി ജോയിന്റ് കണ്‍വീനര്‍ രഞ്ജി അക്കരക്കാരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സെന്റ് ഡയബറ്റിക്സ് സെന്ററിലെ അഞ്ചു ഡയാലിസിസ് മെഷീനുകള്‍ വഴി രണ്ടു ഷിഫ്റ്റുകളിലായി 12 രോഗികളെയാണ് ഒരു ദിവസം ഡയാലിസിസിനു വിധേയമാക്കുക.