പൂമംഗലം പഞ്ചായത്തിലെ വാതകശ്മശാനം അടുത്തമാസം തുറക്കും
എടക്കുളം: പഞ്ചായത്ത് അധീനതയിലുള്ള പൊതുശ്മശാന ഭൂമിയില്‍ ഒരുക്കുന്ന വാതകശ്മശാനത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. ഫര്‍ണസ്, ഉദ്യാനം തുടങ്ങിയവയുടെ ജോലികളാണ് ഇനി ബാക്കിയുള്ളത്. ഓഫീസ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ കൂടി പൂര്‍ത്തിയാക്കി ഈ മാസം തന്നെ ശ്മശാനം കൈമാറുമെന്നു കോസ്റ്റ് ഫോര്‍ഡ് അധികൃതര്‍ പഞ്ചായത്തിനെ അറിയിച്ചു. 75 വര്‍ഷത്തിലേറെയായി ഉപയോഗിച്ചു വരുന്ന പൊതുശ്മശാനമാണ് ഇപ്പോള്‍ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ പൂമംഗലം ഗ്രാമപഞ്ചായത്ത് ആധുനിക വാതകശ്മശാനമാക്കി മാറ്റുന്നത്. 60 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണു നിര്‍മാണം. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആദ്യത്തെ ശ്മശാനമാണിത്. രണ്ടു വര്‍ഷം മുമ്പു ശ്മശാനം നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി വൈകിയതു പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്നു ഗ്രാമപഞ്ചായത്ത് സാമുദായിക സംഘടനകളുടെ യോഗം വിളിച്ച് അവരുടെ പിന്തുണയോടെയാണു നിര്‍മാണം തുടങ്ങിയത്. ഫെബ്രുവരി ആദ്യവാരം തന്നെ ഉദ്ഘാടനം നടത്തുമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു.