മഴവെള്ള സംഭരണികള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രമാകുന്നു
ഇരിങ്ങാലക്കുട: മഴവെള്ള സംഭരണികള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറുന്നു. വലിയ തുക ചെലവഴിച്ച് സ്ഥാപനങ്ങളില്‍ നിര്‍മിച്ച സംഭരണികളാണ് ഉപയോഗശൂന്യമായിട്ടുള്ളത്. 5000 ലിറ്റര്‍ മുതല്‍ 20,000 ലിറ്റര്‍ വരെ വെള്ളം സംഭരിക്കാവുന്ന ടാങ്കുകളാണ് പലയിടത്തുമുള്ളത്. ഇത്തരം ടാങ്ക് നിര്‍മാണവും ജലസംഭരണവും പാഴ്ചെലവും പരിസ്ഥിതി സൗഹൃദവുമല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഒരു നല്ല മഴയ്ക്ക് തന്നെ ഇത്തരം ടാങ്കുകള്‍ നിറയും. പിന്നീട് ദിവസങ്ങളും ആഴ്ചകളും ടാങ്കില്‍ വെള്ളം സൂക്ഷിച്ചുവയ്ക്കുന്നതോടെ വെള്ളത്തിന്റെ ഗുണങ്ങള്‍ നഷ്ടപ്പെട്ട് മലിനമാകുന്ന സ്ഥിതിയുണ്ട്. എന്നാല്‍ ടാങ്ക് നിര്‍മാണത്തിനും മേല്‍ക്കൂരയില്‍ നിന്നും മഴവെള്ളം ടാങ്കിലേക്ക് എത്തിക്കാനുള്ള സംവിധാനങ്ങള്‍ക്കും വലിയ തുക ചെലവഴിക്കേണ്ടിവരുന്നതിനാല്‍ ഇത്തരം ജലസംഭരണികള്‍ പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ജലവിതരണത്തിനായി ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനു സമീപം മൃഗാശുപത്രിയില്‍ നിര്‍മിച്ചിട്ടുള്ള മഴവെള്ളസംഭരണി ഇപ്പോള്‍ ഉപയോഗശൂന്യമാണ്. സംഭരണിയിലേക്ക് വെള്ളം ഒഴുക്കിവിടുവാനോ സംഭരണിയില്‍ നിന്ന് വെള്ളം ലഭ്യമാക്കുന്നതിനോ ഇപ്പോള്‍ സംവിധാനമില്ല. ഇതെല്ലാം തകരാറിലായിരിക്കുകയാണ്. പല മഴവെള്ള സംഭരണികളുടെ സമീപവും കാടും പടലവുമാണ്. വ്യാപകമായി ജലസംഭരണികള്‍ ഉപയോഗിക്കാതെ നിലനില്‍ക്കുന്നതുവഴി ഇവിടെയെല്ലാം കൊതുകും കൂത്താടിയും പെരുകി വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ആരോഗ്യവകുപ്പും ചൂണ്ടിക്കാട്ടുന്നു.