അപകടത്തില്‍ തകര്‍ന്ന കോന്തിപുലം ബസ് സ്റ്റോപ്പ് ഇനിയും നന്നാക്കിയില്ല

മാടായിക്കോണം: നിയന്ത്രണം വിട്ട് പെട്ടി ഓട്ടോ ഇടിച്ചുകയറി തമിഴ്നാട് സ്വദേശികളായ രണ്ടു തൊഴിലാളികള്‍ മരിച്ച ബസ് സ്റ്റോപ്പ് ഇതുവരെയും നേരെയാക്കിയില്ല. മാപ്രാണം-നന്തിക്കര റോഡില്‍ മാടായിക്കോണം കോന്തിപുലം പാലത്തിനു സമീപമുള്ള ബസ് സ്റ്റോപ്പാണ് ഇപ്പോഴും തകര്‍ന്ന അവസ്ഥയില്‍ കിടക്കുന്നത്. തോമസ് ഉണ്ണിയാടന് എംഎല്‍എയായിരുന്ന സമയത്ത് ആസ്തി വികസന ഫണ്ടുപയോഗിച്ചു നിര്‍മിച്ചതാണ് ഈ സ്റ്റോപ്പ്. തൂണുകള്‍ തകര്‍ന്ന ബസ് സ്റ്റോപ്പ് മറിഞ്ഞു വീഴാതിരിക്കാന്‍ പ്ലാസ്റ്റിക് കയറുപയോഗിച്ചു കെട്ടി വെച്ചിരിക്കുകയാണ്. നല്ലൊരു കാറ്റുവന്നാല്‍ സ്റ്റോപ്പ് തകര്‍ന്നു വീഴുന്ന സ്ഥിതിയാണ്. അടിയന്തരമായി സ്റ്റോപ്പിന്റെ കാലുകള്‍ ബലപ്പെടുത്തി അപകടാവസ്ഥ നീക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
