കൂടല്‍മാണിക്യം പടിഞ്ഞാറേ ഗോപുരം നവീകരണം പുരോഗമിക്കുന്നു
ഉത്സവത്തിന് മുമ്പു പണി പൂര്‍ത്തിയാക്കും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുര നവീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഉത്സവത്തിനു മുമ്പു തന്നെ പണി പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. നൂറോളം ഭക്തരുടെ കൂട്ടായ്മയായ പടിഞ്ഞാറേ ഗോപുരം നവീകരണസമിതി 40 ലക്ഷത്തോളം രൂപ ചെലവഴിച്ചാണു പണി നടത്തുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗോപുരത്തിന്റെ പഴമയും പ്രൗഢിയും നിലനിര്‍ത്തിക്കൊണ്ടു പഴയകാല തച്ചുശാസ്ത്രരീതി അനുസരിച്ചാണു പണി നടത്തിക്കൊണ്ടിരിക്കുന്നത്. ഏറെ ജീര്‍ണാവസ്ഥയിലായിരുന്ന മുകള്ഭാഗം പൂര്‍ണമായും ഇറക്കി പുതിയ തേക്കുതടികള്‍ ഉപയോഗിച്ചാണു പുനര്‍നിര്‍മിക്കുന്നത്. ഇതുവരെ 450 ക്യുബിക് തേക്ക് ഉപയോഗിച്ചിട്ടുണ്ട്. വരിക്കപ്ലാവില് നിര്‍മിച്ചിരുന്ന ശില്പങ്ങള് അതേ തടിയില്‍ തന്നെ പുനര്‍നിര്‍മിച്ചിട്ടുണ്ട്. പാരമ്പര്യമായി നിര്‍മിക്കുന്ന ഔഷധക്കൂട്ട് ഉപയോഗിച്ച എണ്ണ മരയുരുപ്പടികളില് തേച്ചു പിടിപ്പിക്കുന്നുണ്ട്. 2021 ഒക്ടോബര്‍ 20 ന് ആരംഭിച്ച പണി പകുതിയോളം പൂര്‍ത്തിയായിട്ടുണ്ട്. മരപ്പണികള്‍ക്കു ശേഷം കരിങ്കല്ലിലുള്ള പണികളും ചുമരിന്റെ പണികളും വൈദ്യുതി സംബന്ധിച്ച ജോലികളും നടത്തും. പാരമ്പര്യ വാസ്തു വിദഗ്ധനായ പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണന് നമ്പൂതിരിയാണു കണ്‍സള്‍ട്ടന്റ്. സുരേഷ് ഇലമ്പലക്കാട്ടിനാണു മരപ്പണിയുടെ ചുമതല. ഉത്സവത്തിനു മുമ്പു തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന വിധമാണു ജോലികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതെന്നു ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. മുന്‍ നിശ്ചയപ്രകാരം മാര്‍ച്ച് 31 നകം പണി തീര്‍ക്കാനാകുമെന്നാണു പ്രതീക്ഷയെന്നു നവീകരണസമിതി സെക്രട്ടറി മനോജ് കല്ലിക്കാട്ട് പറഞ്ഞു. നളിന്‍ ബാബു, എസ്. മേനോന്, അയ്യപ്പന് പണിക്കവീട്ടില്‍, കെ. കൃഷ്ണദാസ്, ചന്ദ്രമോഹന് മേനോന്, ഇ.എസ്.ആര്. മേനോന്, എന്‍. വിശ്വനാഥമേനോന്, കെ.എന്‍. മേനോന്, കൃഷ്ണകുമാര്‍ കണ്ണമ്പിള്ളി, ജയശങ്കര്‍ പായ്ക്കാട്ട്, വി.പി. രാമചന്ദ്രന് എന്നീ 11 അംഗ കമ്മിറ്റിയാണു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.