ജനവാസകേന്ദ്രത്തില്‍ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണം തടഞ്ഞു
താഴെക്കാട്: ആളൂര്‍ പഞ്ചായത്ത് 16-ാം വാര്‍ഡില്‍ പതിക്കാട് കമ്യൂണിറ്റി ഹാളിനു സമീപം മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മിക്കാനുള്ള ശ്രമം പരിസര വാസികള്‍ തടഞ്ഞു. ഇന്നലെ ജെസിബി കൊണ്ടുവന്ന് കുഴി എടുക്കാനുള്ള ശ്രമമാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തടഞ്ഞത്. പ്രതിഷേധവുമായി നാട്ടുക്കാര് രംഗത്തെത്തിയതോടെ പോലീസ് സംഭവ സ്ഥലത്തെത്തി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്ന് അറിയിക്കുകയും സമരരംഗത്ത് ഉറച്ചു നിന്നതോടെ നാളെ യോഗം വിളിക്കാമെന്ന ധാരണയില്‍ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവക്കുകയായിരുന്നു. നിലവില്‍ വാര്‍ഡിലെ മാലിന്യങ്ങള്‍ കൊണ്ടുവന്ന് ജൈവ-അജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്തിരിക്കുവാറുണ്ട്. എന്നാല്‍ സമീപ വാര്‍ഡുകളിലെ മാലിന്യങ്ങളും ഇവിടത്തേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പരിസരവാസികള്‍ പറയുന്നു. കല്യാണം തുടങ്ങിയ ചടങ്ങുകള്‍ നടക്കുന്ന ഹാളിനു സമീപത്താണ് മാലിന്യം കൊണ്ടുവരുവാനുള്ള നീക്കം. നൂറുമീറ്റര്‍ ചുറ്റളവില്‍ അറുപതോളം വീടുകള്‍ ഉള്‍പ്പെടുന്ന ജനവാസ കേന്ദ്രവുമാണ്. ഇവിടെ മാലിന്യം നിക്ഷേപിച്ചാല്‍ സമീപവാസികളായ കുട്ടികളടക്കമുള്ളവര്‍ക്ക് പകര്‍ച്ചവ്യാധികളും മറ്റും പിടിപെടാന്‍ കാരണമാകും. മാത്രവുമല്ല,. ഇതിനു പരിസരത്തുകൂടെയാണ് ഈ പ്രദേശത്തെ കുടിവെള്ള സ്രോതസായ കനാല്‍വെള്ളം ഒഴുകുന്നത്. മാലിന്യങ്ങള്‍ ഈ കനാല്‍വെള്ളത്തിലേക്ക് കലര്‍ന്നാല്‍ സമീപത്തെ കിണറുകളിലെ കുടിവെള്ളം മലിനമാകും. അതിനാല്‍ മാലിന്യം കൊണ്ടുവരുവാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും അതിനായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം. 22 ലക്ഷം രൂപ ചിലവില്‍ 2000 സ്ക്വയര്‍ ഫിറ്റ് കെട്ടിടമാണ് പദ്ധതിക്കായി പണികഴിക്കുന്നത്. ആര്‍ഡിഒ യുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലും 16-ാം വാര്‍ഡ് താഴെക്കാട് ഗ്രാമസഭാ യോഗത്തിലും ഈ പദ്ധതിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പൗരസമിതി ചെയര്മാന് ബിജു മുല്ലശേരി, വൈസ് പ്രസിഡന്റ് സുരേഷ് ചെറുപറമ്പില്‍, കണ്‍വീനര്‍ സ്റ്റീഫന്‍ തെക്കേത്തല, അനൂപ് ചാത്തന്‍കാട്ടില്‍, ജിയോ ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.