എംപറര്‍ ഇമ്മാനുവല്‍ വിക്ടിംസ് ഫോറം രൂപീകരിച്ചു
ഇരിങ്ങാലക്കുട: സമൂഹത്തില്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഭീതിയുടെയും വിഷവിത്തുപാകി അരാജകത്വം സൃഷ്ടിക്കുന്ന, ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ തെറ്റിദ്ധാരണ പടര്‍ത്തി നല്ല കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന, ആള് ദൈവമായി ചമഞ്ഞ് ദുര്‍ബലരായ വിശ്വാസികളെ വഴിതെറ്റിക്കുന്ന, ക്രൈസ്തവ വിരുദ്ധവും സഭാ വിരുദ്ധവും സത്യവിരുദ്ധവുമായ പ്രസ്ഥാനമാണ് ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് മുരിയാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംപറര്‍ ഇമ്മാനുവല്‍ എന്ന് എംപറര്‍ ഇമ്മാനുവല്‍ വിക്ടിംസ് ഫോറം. വ്യാജ പഠനങ്ങള്ക്കൊണ്ടും സാമ്പത്തിക തിരിമറികള്ക്കൊണ്ടും ലോകം അവസാനിക്കാറായിയെന്ന പരിഭ്രാന്തി പടര്‍ത്തുന്ന പ്രസംഗങ്ങള്‍ക്കൊണ്ടും സാധാരണക്കാരായ പാവപ്പെട്ട മനുഷ്യരെ വഴിതെറ്റിക്കുന്ന ഈ പ്രസ്ഥാനത്തില്‍ അകപ്പെട്ട് സ്വത്തും കുടുംബവും ഭാവിയും പഠനങ്ങളും സ്വപ്നങ്ങളും മാനവും ജീവിതവും നഷ്ടപ്പെട്ടവര്‍ ഏറെയാണ്. അന്ധവിശ്വാസത്തിന്റെയും അധാര്‍മികതയുടെയും അവസരവാദത്തിന്റെയും കൂടാരം വിട്ടു പുറത്തേക്കിറങ്ങിയവര്‍ ഇപ്പോള്‍ നേരിടേണ്ടി വരുന്നത് ഭീഷണികളും വധശ്രമങ്ങളും അന്യായമായ കോടതി വ്യവഹാരങ്ങളുമാണെന്നാണ് ഇവര്‍ പറയുന്നത്. എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിന്റെ ചതിയില്‍ നിന്നും പുറത്തേക്കു വരുന്ന നൂറുക്കണക്കിനു സാധാരണ മനുഷ്യരെ ഒരുമിച്ചു കൂട്ടുന്നതിനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും വേണ്ടിയാണ് ഈ ഫോറം രൂപീകരിച്ചിരിക്കുന്നത്. മുരിയാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘എംപറര്‍ ഇമ്മാനുവല്‍ വിക്ടിംസ് ഫോറം’ അതിന്റെ പ്രഥമ സമ്മേളനം നടത്തി.
ഭാരവാഹികള്‍
ജോയ് പൂത്തോക്കാരന്‍ (പ്രസിഡന്റ്),
ഫ്രാന്‍സിസ് ചിറയത്ത് (വൈസ് പ്രസിഡന്റ്),
തോമസ് ആന്റണി (സെക്രട്ടറി),
അരുണ്‍ തോമസ് (ജോയിന്റ് സെക്രട്ടറി),
ഫിലിപ്പ് ജോസഫ് (ട്രഷറര്‍).
മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും മൗലിക അവകാശമായ ഭാരതത്തില്‍ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന, കുത്സിത പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, അസന്മാര്ഗികതയിലൂടെ പാവങ്ങളെ ചൂഷണം ചെയ്യുന്ന, വിധ്വംസക പ്രവര്‍ത്തകരെ ഒന്നിച്ചുനിന്നു എതിര്‍ക്കുമെന്നു പ്രസിഡന്റ് ജോയ് പൂത്തോക്കാരന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പണത്തിന്റെയും രാഷ്ട്രീയ പിന്‍ബലത്തിന്റെയും ഗുണ്ടായിസത്തിന്റെയും ധാര്ഷ്ട്യത്തില് മനുഷ്യരെ ഭയപ്പെടുത്തുന്ന ഒരു ദുഷ്ടശക്തിക്കു മുന്‍പിലും ഇനി തലകുനിക്കുകയില്ലെന്നു യോഗാംഗങ്ങള്‍ ഒറ്റക്കെട്ടായി അറിയിച്ചു. സത്യം ഒരുനാള്‍ പുറത്തുവരുമെന്നും അന്ധകാരത്തിനു ഒരിക്കലും ആത്യന്തിക വിജയം നേടാനാവില്ലെന്നും നുണകള്ക്കൊണ്ടും കെട്ടുകഥകള്ക്കൊണ്ടും കെട്ടിപ്പൊക്കിയ അധാര്‍മികതയുടെ കൂടാരം ഏതാനും നാളുകള്‍ക്കകം നിലംപൊത്തുമെന്നും സെക്രട്ടറി തോമസ് ആന്റണി ഓര്‍മപ്പെടുത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ച് പന്ത്രണ്ടു കമ്മറ്റി അംഗങ്ങളെയും ഫോറത്തിലേക്കു തെരഞ്ഞെടുത്തു. നിയമപരമയ മാര്‍ഗനിര്‍ദേശങ്ങള്‍ ആരായുന്നതിനും സുപ്രീം കോടതിയിലടക്കം കേസുകള്‍ വാദിക്കുന്നതിനു വക്കീലന്മാരെ നിയോഗിക്കുന്നതിനും പൊലിസിന്റെ സംരക്ഷണം നിരപരാധികള്‍ക്കു ഉറപ്പു വരുത്തുന്നതിനും രാഷ്ട്രീയ നേതൃത്വത്തിലെ ഉന്നതരുടെ സഹായം സ്വീകരിക്കുന്നതിനുമായി ലീഗല്‍ സെല്ലിനു രൂപം നല്കി. സമയാസമയങ്ങളില്‍ വിവരങ്ങള്‍ കൈമാറുന്നതിനും നവമാധ്യമങ്ങളിലൂടെ ആവശ്യമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും വഞ്ചന നിറഞ്ഞ ഇല്ലാക്കഥകള്‍ കെട്ടിച്ചമച്ച് മാധ്യമങ്ങളിലൂടെ പരത്തുന്നവരെ യഥാസമയം കൃത്യമായി കണ്ടെത്തുന്നതിനുമായി മാധ്യമ സെല്ലിനും ഏറ്റവും അപകടകരമായ സന്ദര്‍ഭങ്ങളില്‍ ഒരുമയോടെ നിന്നു പ്രവര്‍ത്തിക്കുന്നതിനു യുവജനങ്ങളടങ്ങിയ ജാഗ്രതാ സെല്ലിനും ഇതോടൊപ്പം തുടക്കം കുറിച്ചു. ട്രഷറര്‍ ഫിലിപ്പ് ജോസഫ് നന്ദി പറഞ്ഞു.