ശാസ്ത്ര ലോകത്തിനു കാതുകമായി പുതിയ ചിലന്തിയും പുതിയ തേരട്ടയും
ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്രവിഭാഗത്തിന് അപൂര്‍വനേട്ടം
ഇരിങ്ങാലക്കുട: വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നും പുതിയ ഇനം ചിലന്തിയേയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്നും പുതിയ ഇനം തേരട്ടയേയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ തോര്‍പ്പെട്ടി റേഞ്ചില്‍ നിന്നും കിട്ടിയ പുതിയ ചിലന്തിക്കു കാര്‍ഹോട്ട്സ് തോല്‍പെട്ടിയെന്‍സിസ് എന്ന ശാസ്ത്ര നാമമാണു നല്‍കിയിരിക്കുന്നത്. പെണ് ചിലന്തിക്കു ആറു മില്ലിമീറ്റര്‍ നീളവും ആണ് ചിലന്തിക്ക് അഞ്ചു മില്ലിമീറ്റര്‍ നീളവുമാണുള്ളത്. ഇരുണ്ട നിറത്തോടു കൂടിയ ആണ്-പെണ് ചിലന്തികളുടെ ശരീരത്തില്‍ വെളുത്ത നിറത്തിലുള്ള കുത്തുകളും ശിരസിലും ഉദരത്തിലും ചന്ദ്രക്കല അടയാളവും കാണാം. കണ്ണുകള്‍ക്കു ചുറ്റുമായി ഓറഞ്ച് നിറത്തിലുള്ള ശല്കങ്ങളുമുണ്ട്. ചാട്ട ചിലന്തി വിഭാഗത്തില്‍ വരുന്ന ഇവ പകല്‍ ഇലകള്‍ക്കിടയില്‍ ഒളിച്ചിരുന്നു രാത്രിയാണ് ഇര പിടിക്കുന്നത്. ഇതുവരെ 287 ഇനം ചാട്ട ചിലന്തികളെയാണ് ഇന്ത്യയില്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. എ.വി. സുധികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനത്തില്‍ തൃശൂര്‍ വിമല കോളജിലെ ജന്തു ശാസ്ത്ര വിഭാഗം അധ്യാപകനായ ഡോ.പി.പി. സുധി, ഗവേഷണ വിദ്യാര്‍ഥി കെ.എസ്. നഫിന്, മദ്രാസ് ലയോള കോളജിലെ ശലക ശാസ്ത്രജ്ഞനായ ഡോ. ജോണ്‍ കാലേബ് എന്നിവര്‍ പങ്കാളികളായി. ഈ കണ്ടെത്തല്‍ റഷ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അന്താരാഷട്ര ശാസ്ത്ര മാസികയായ ആര്‍ത്രോപോഡ സെലക്ടയുടെ അവസാന ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ തേരട്ട വൈവിധ്യം മനസിലാക്കാനുള്ള പഠനത്തിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടത്തിയ പഠനത്തിലാണു പുതിയ ഇനം തേരട്ടയെ കണ്ടെത്തിയത്. ഡെലാര്‍ത്യം അനോമലന്‍സ് എന്ന ശാസ്ത്ര നാമം നല്‍കിയിരിക്കുന്ന ഇവയുടെ ശരീരം തിളക്കമാര്‍ന്ന കരിംതവിട്ടു നിറത്തിലുള്ളതാണ്. ആണ് തേരട്ടക്കു 17 മില്ലിമീറ്റര്‍ നീളവും പെണ് രതേരട്ടക്കു 15 മില്ലിമീറ്റര്‍ നീളവുമാണുള്ളത്. ശരീരത്തിന്റെ അടിഭാഗം ഇളം മഞ്ഞ നിറത്തിലാണ്. 20 ശരീര ഖണ്ഡങ്ങളുള്ള ഇവക്കു 26 ജോഡി കാലുകളുണ്ട്. പരന്ന ശരീരമുള്ള ഇവ ചപ്പുചവറുകള്ക്കിടയിലാണു ജീവിക്കുന്നത്. വേനല്ക്കാലത്തു മണ്ണിനടിയില്‍ ഒളിച്ചിരിക്കുന്ന ഇവ മഴക്കാലത്തു മാത്രമാണു പുറത്തേക്കു വരുന്നത്. ആകെ 275 ഇനം തേരട്ടകളെയാണ് ഇതുവരെ ഇന്ത്യയില്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷണ വിദ്യാര്‍ഥിനി അശ്വതി ദാസ്, തൃശൂര്‍ കേരളവര്‍മ കോളജിലെ ജന്തുശാസ്ത്ര വിഭാഗം അധ്യാപിക ഡോ. ഉഷ ഭഗീരഥന്, റഷ്യന്‍ അക്കാദമി ഓഫ് സയന്‍സിലെ തേരട്ട ഗവേഷകനായ ഡോ. സെര്‍ജി ഗോളോവാച്ച് എന്നിവര്‍ ഈ പഠനത്തില്‍ പങ്കെടുത്തു. ഈ കണ്ടെത്തല്‍ ലോകത്തിലെ ഒന്നാംനമ്പര്‍ വര്ഗീകരണശാസ്ത്ര മാസികയായ സൂടാക്സയുടെ (2004) അവസാന ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.