നാടിന്റെ അഭിമാനമായി രാഹുല്‍ രാജന് ഡോക്ടറേറ്റ്
ഇരിങ്ങാലക്കുട: ഷണ്മുഖം കനാല്‍ ബെയ്സിലെ ചെറിയവീട്ടില്‍ അഭിമാനത്തിന്റെ തിരയടികള്‍. കൂലിപ്പണിക്കാരായ വൈപ്പുള്ളി രാജന്റെയും രമയുടെയും മകന് ഇനി വെറും രാഹുലല്ല, ഡോ. രാഹുലാണ്. ചെന്നൈ ഐഐടിയില്‍ നിന്ന് ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയാണ് രാഹുല്‍ രാജന് താരമായത്. ഏറെ കഷ്ടപ്പാടുകളിലൂടെയാണ് രാഹുല്‍ ഓരോ പടവുകളും പിന്നിട്ടത്. ഇക്കാലയളവില്‍ വീട്ടുകാരുടെയും അധ്യാപകരുടെയും പ്രോത്സാഹനമായിരുന്നു തുണയായത്. ചെറ്റ കുടിലിലായിരുന്നു രാഹുലിന്റ ജനനവും ബാല്യകൗമാരങ്ങളും. മക്കളെ നല്ല രീതിയില്‍ പഠിപ്പിക്കാന്‍ അച്ഛന് രാജനും അമ്മ രമയും നന്നേ പാടുപെട്ടു. മുനിസിപ്പാലിറ്റിയില്‍ നിന്ന് ലഭിച്ച ധനസഹായത്തോടെയാണ് രാജന് താമസയോഗ്യമായ ഒരു വീട് നിര്‍മിക്കാന്‍ കഴിഞ്ഞത്. ഇരിങ്ങാലക്കുട ജിഎല്‍പിഎസ്, നാഷണല്‍ ഹൈസ്കൂള്‍, ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ പഠനശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നും ഫിസിക്സില്‍ ബിരുദവും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയാണ് രാഹുല്‍ ചെന്നൈ ഐഐടിയില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നത്.