ക്ഷേമപെന്ഷന് മുടങ്ങി യോഗത്തില്‍ കോണ്‍ഗ്രസ് ബഹളം, ഇറങ്ങിപോക്ക്
മുരിയാട്: പഞ്ചായത്തിലെ വിവിധ സാമൂഹ്യ ക്ഷേമ പെന്ഷന് വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ചു ഭരണസമിതി യോഗത്തിലെ ബഹളം കോണ്‍ഗ്രസ് അംഗങ്ങളുടെ ഇറങ്ങിപോക്കില് കലാശിച്ചു. കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളിലും പെന്ഷന് വിതരണം തുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം, മുരിയാട് മേഖലകളില്‍ ഇതുവരെയും പെന്ഷന് വിതരണം ചെയ്തിരുന്നില്ല. ഇതു സംബന്ധിച്ച് ഈ മേഖലയില്‍ നിന്നും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസം നടന്ന ക്ഷേമകാര്യ സ്ഥിരം സമിതിയില്‍ കോണ്‍ഗ്രസ് അംഗം കെ. വൃന്ദകുമാരി ഈ കാര്യം ഉന്നയിച്ചു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ പണം അനുവദിക്കുന്ന മുറക്കു മാത്രമേ പെന്ഷന് നല്കാന് സാധിക്കൂവെന്ന് ഈ മേഖലയില്‍ പെന്ഷന് വിതരണം ചെയ്യുന്ന മുരിയാട് സര്‍വീസ് സഹകരണ ബാങ്ക് അറിയിച്ചിട്ടുണ്ടെന്നും ഇനി മുതല്‍ മുന്‍കൂറായി പെന്ഷന് നല്കുന്നതിനു പണം നല്കാന് അവര്‍ തയാറല്ലെന്നും ചെയര്മാന് പറഞ്ഞു. മറ്റു ബാങ്കുകള്‍ മുന്‍കൂറായി പണം അനുവദിച്ചിട്ടാണു പെന്ഷന് നല്‍കുന്നതെന്നും മുരിയാട് ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധമുണ്ടെന്നും അറിയിച്ചു യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് അംഗം ഇറങ്ങിപോകുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ജനങ്ങള്‍ എഴുതി നല്കിയ പരാതികള്‍ ഉയര്‍ത്തിപ്പിടിച്ചു കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. പഞ്ചായത്തധികാരികളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പഞ്ചായത്തിനു മുന്നില്‍ ധര്‍ണ നത്തി. പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ തോമസ് തൊകലത്ത്, അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവിയര്‍ ആളൂക്കാരന്‍, കെ. വൃന്ദകുമാരി, ജിനി സതീശന്, നിത അര്ജുനന് എന്നിവര്‍ പ്രസംഗിച്ചു.