സെന്റ് ജോസഫ്സ് കോളജിനു ചരിത്ര നിമിഷം, കോളജിലെ അത്യപൂര്‍വ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭകളെ ആദരിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ അത്യപൂര്‍വ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭകളെ ആദരിച്ചു. മുന്‍ അന്തര്‍ദേശീയ വോളിബോള്‍ താരവും അഖിലേന്ത്യാ ചാറ്റേഡ് എക്കൗണ്ടന്റ് പരീക്ഷയില്‍ നാലാം സ്ഥാനവും കരസ്ഥമാക്കിയ ദീപിക ബാബുരാജ് സെന്റ് ജോസഫ്സ് പൂര്‍വ വിദ്യാര്‍ഥിനിയാണ്. കായികമികവിലും പഠനത്തിലും ഒരുപോലെ മികവു പുലര്‍ത്തി എന്ന അത്യപൂര്‍വ നേട്ടത്തിനുടമയാണു ദീപിക ബാബുരാജ്. പവര്‍ ലിഫ്റ്റിംഗ് കുടുംബത്തില്‍ ജനിച്ച് ദേശീയ ജേതാക്കളായ അച്ഛന്റെയും അമ്മയുടെയും ചിട്ടയായ പരിശീലന മികവില്‍ സംസ്ഥാന-ദേശീയ മത്സരങ്ങളില്‍ ജേതാവായി. ‘സ്ട്രോംഗ് വിമണ്‍ ഓഫ് കേരള’യും ‘സ്ട്രോംഗ് വുമണ്‍ ഓഫ് ഇന്ത്യ’യുമൊക്കെയായി തെരഞ്ഞെടുക്കപ്പെട്ട എം. അനീഷ തുര്‍ക്കിയിലെ ഇസ്താംബുള്ളില്‍ 2021 ഡിസംബറില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡലോടു കൂടി ‘സ്ട്രോംഗ് വുമണ്‍ ഓഫ് ഏഷ്യ’യായി തെരഞ്ഞെടുക്കപ്പെട്ടു. ഈ മത്സരത്തില്‍ എസ്. അഞ്ജലി വെള്ളി മെഡലും സിയ മെറ്റില്‍ഡ ബിജു വെങ്കലവും കരസ്ഥമാക്കി. മൂന്നു പേരും സെന്റ് ജോസഫ്സ് കോളജ് രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനികളാണ്. സംസ്ഥാന-ദേശീയ മത്സരങ്ങളില്‍ നന്നായി മാറ്റുരച്ച ഇവരെ മൂന്നു പേരെയും സെന്റ് ജോസഫ്സ് കോളജ് ആദരിച്ചു. അന്തര്‍ദേശീയ കായിക മനശാസ്ത്രജ്ഞനായി പ്രവര്‍ത്തിക്കാനുള്ള അനുമതി ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഓഫ് സ്പോര്‍ട്സ് സൈക്കോളജി (ഐഎച്ച്എസ്പി) യില്‍ നിന്നു നേടിയെടുത്ത കോളജ് കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിന് റാഫേലിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഇന്ത്യയില്‍ ഈ അംഗീകാരം ലഭിച്ച മൂന്നു പേരില്‍ ഒരാളാണു ഡോ. സ്റ്റാലിന് റാഫേല്‍. പ്രതിഭകളെ ആദരിക്കുന്ന ഈ ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആഷ തെരേസ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. യൂജിന്‍ മൊറേലി മൂഖ്യാതിഥിയായി. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ, സെന്റ് ജോസഫ്സ് കോളജ് സ്വാശ്രയ വിഭാഗം കോ-ഓര്‍ഡിനേറ്ററും മുന്‍ വൈസ് പ്രിന്‍സിപ്പലുമായിരുന്ന സിസ്റ്റര്‍ റോസ് ബാസ്റ്റിയന്‍, ദീപിക ബാബുരാജിന്റെ വോളിബോള്‍ കോച്ച് സഞ്ചയ് ബാലിഗ, കൊമേഴ്സ് വിഭാഗം അധ്യാപകന് കെ.ഐ. തോമസ്, കോളജ് യൂണിയനംഗം രഞ്ചന, ദീപിക ബാബുരാജ്, എം. അനീഷ, കോളജ് കായികവിഭാഗം അധ്യാപിക തുഷാര ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.