സംസ്ഥാനത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസമേഖലയിലേക്കും കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്. ബിന്ദു. എടക്കുളം ശ്രീനാരായണ സ്മാരകസംഘം ലോവര്‍ പ്രൈമറി സ്കൂളില്‍ സജ്ജീകരിച്ച ഹൈടെക് ക്ലാസ് മുറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോളജ് വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാനസൗകര്യ വിപുലീകരണത്തിനും അക്കാദമിക് ഗുണമേന്മ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ വലിയ പദ്ധതികള്‍ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ്. കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. ഡോ. രാമചന്ദ്രന് മുഖ്യാതിഥി ആയിരുന്നു. എംജി സര്‍വകലാശാല എംഎസ്സി ബയോടെക്ക് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ പൂര്‍വ വിദ്യാര്‍ഥി എം.ആര്. കൃഷ്ണപ്രസാദിനെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, പിടിഎ പ്രസിഡന്റ് ടി.കെ. സാജന്, എസ്എന്‍ജിഎസ്എസ് പ്രസിഡന്റ് സി.പി. ഷൈലനാഥന്‍, ജനറല്‍ സെക്രട്ടറി എം.ആര്. രാജേഷ്, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗോപിനാഥ്, സ്കൂള്‍ ലീഡര്‍ എം.കെ. ആദികൃഷ്ണ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ മാനേജര്‍ കെ.വി. ജിനരാജദാസന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് ടി.ഡി. സുധ നന്ദിയും പറഞ്ഞു.